തപാൽ ഉരുപ്പടികൾ തരംതിരിക്കാൻ റോബോട്ടുകൾ
text_fieldsറോബോട്ടിക് സോർട്ടിങ് സംവിധാനം മന്ത്രി മുഹമ്മദ് ബിൻ
അലി അൽ മന്നാഇ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിന്റെ പ്രധാന തപാൽ സംവിധാനമായ ഖത്തർ പോസ്റ്ററിൽ പാർസൽ ഉരുപ്പടികൾ വേർതിരിക്കാൻ ഇനി റോബോട്ടിക് സംവിധാനം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തപാൽ പ്രവർത്തന മേഖലയിൽ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും വിതരണപ്രവർത്തനനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് ഏറ്റവും നൂതനമായ റോബോട്ടിങ് സോർട്ടിങ് ഏർപ്പെടുത്തുന്നത്. മണിക്കൂറിൽ 4500-5000 പാക്കേജുകൾ പുതിയ പദ്ധതിയിലൂടെ വേർതിരിക്കാൻ ശേഷിയിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. നേരത്തേയുള്ളതിന്റെ നാലിരട്ടി വർധനവാണിത്. 50ലധികം ഹോം ഡെലിവറി റൂട്ടുകളിൽ സേവനം നൽകുന്നതോടൊപ്പം, ക്യൂ പോസ്റ്റ് ബ്രാഞ്ചുകളിലേക്കുള്ള വിതരണത്തിന് പുറമെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും സമഗ്ര കവേറജും ഇത് ഉറപ്പാക്കുന്നു.ഇ-ഗവണ്മെന്റ് കവറുകൾ, തപാൽ പാഴ്സലുകൾ, വിവിധ ഭാരമുള്ള ഇ-കൊമേഴ്സ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നത്.
70ലധികം റോബോട്ടുകൾ ഉൾപ്പെടുന്ന ഈ സംവിധാനത്തിലൂടെ 30 കിലോ വരെ ഭാരമുള്ളതും 60 സെന്റീമീറ്റർ വലുപ്പമുള്ളതുമായ ഷിപ്പ്മെന്റുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.
ഖത്തർ പോസ്റ്റിന്റെ പ്രവർത്തന പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ് പുതിയ ഓട്ടോമേറ്റഡ് റോബോട്ടിക് സോർട്ടിങ് സിസ്റ്റമെന്ന് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് മുഹമ്മദ് അൽ നുഐമി പറഞ്ഞു.ജീവനക്കാർ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന മാനുഷിക പിഴവുകളും പിശകുകളും ഇതിലൂടെ കുറക്കുമ്പോൾ തന്നെ തപാൽ സാമഗ്രികൾ പ്രോസസ് ചെയ്യുന്നതിന്റെ വേഗം വർധിക്കുകയും ചെയ്യുന്നതായും അൽ നുഐമി കൂട്ടിച്ചേർത്തു.ഉന്നത നിലവാരത്തിൽ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാങ്കേതിക മുന്നേറ്റത്തിൽ മുൻപന്തിയിൽ തുടരുന്നതിനും പ്രധാന ഡിജിറ്റൽ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലെ ഖത്തർ പോസ്റ്റിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

