ഖത്തറിന്റെ പെൺകരുത്ത്: റോബോ ഗേൾസ് സൂപ്പറാണ്
text_fieldsഅഫ്ഗാൻ റോബോട്ടിക് ടീം അംഗങ്ങൾ റോബോട്ട് നിർമാണത്തിൽ
ദോഹ: 'അഫ്ഗാൻ ഡ്രീമേഴ്സ്' എന്ന് ലോകം വിളിച്ച ഒരുകൂട്ടം കൗമാരക്കാരികൾ ഇവിടെ ഖത്തറിന്റെ തണലിൽ വളരുന്നുണ്ട്. സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ കരിഞ്ഞുവീഴുമെന്ന ഘട്ടത്തിൽനിന്ന് ഖത്തർ നൽകിയ കൈപിടിച്ച്, അവർ വീണ്ടും ജീവിതം നെയ്തുതുടങ്ങുന്നു.
2017ൽ വാഷിങ്ടണിൽ നടന്ന ലോക റോബോട്ടിക്സ് മത്സരത്തിൽ വിജയംവരിച്ച്, രാജ്യാന്തര ശ്രദ്ധ നേടിയശേഷം ഇവർ വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ ആഗസ്റ്റോടെയായിരുന്നു. താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയപ്പോൾ, അഭയംനൽകിയ അരലക്ഷത്തോളം അഫ്ഗാനികൾക്കൊപ്പം സ്വപ്നങ്ങളെല്ലാം നഷ്ടമാവുമെന്നുറപ്പിച്ച ഒമ്പത് പെൺകുട്ടികൾക്കും ഖത്തർ തണലൊരുക്കി.
ഇന്ന്, ഖത്തർ ഫൗണ്ടേഷനുകീഴിൽ പഠനവും പരിശീലനവുമായി സംതൃപ്തിയിലാണവർ.
ഖത്തർ ഫൗണ്ടേഷനും ഖത്തർ ഡെവലപ്മെൻറ് ഫണ്ടും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് റോബോട്ടിക് മേഖലയിലെ പ്രതിഭകൾക്ക് തുടർപഠനത്തിന് വഴിയൊരുക്കിയത്. അഫ്ഗാൻ ഡ്രീമേഴ്സിന് ഉന്നതപഠനത്തോടൊപ്പം മികച്ച നിയമന അവസരവും ഖത്തർ ഫൗണ്ടേഷൻ വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥിനികളുടെ റോബോട്ടിക്സ് മേഖലയിലെ കഴിവുകൾ വികസിപ്പിക്കുന്നതിന് ഖത്തർ ഫൗണ്ടേഷന് കീഴിലെ ഹമദ് ബിൻ ഖലീഫ സർവകലാശാല, ഖത്തർ ഫൗണ്ടേഷൻ പാർട്ണർ സർവകലാശാലകളായ ടെക്സസ് എ.എം യൂനിവേഴ്സിറ്റി ഖത്തർ, കാർണീജ് മെലൺ യൂനിവേഴ്സിറ്റി ഖത്തർ എന്നിവിടങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും വിദഗ്ധർക്ക് കീഴിൽ പഠനം നടത്താനും അവസരമുണ്ട്.
2017 വാഷിങ്ടണിൽ നടന്ന റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോൾ, അമേരിക്ക വിസ നിഷേധിച്ചതോടെയാണ് റോബോട്ടിക് ഗേൾസ് രാജ്യാന്തര ശ്രദ്ധയിലെത്തുന്നത്. അന്ന് രാജ്യാന്തര സംഘടനകളുടെ ഇടപെടലിനെ തുടർന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇവർക്ക് വിസ നൽകാനായി നേരിട്ട് നിർദേശിക്കുകായിരുന്നു.
കോവിഡ് വ്യാപനത്തിനിടയിൽ ചുരുങ്ങിയ ചെലവിൽ വെൻറിലേറ്റർ നിർമിച്ച് ശ്രദ്ധേയരായവർ, ഇപ്പോൾ യുദ്ധം തകർത്ത അഫ്ഗാനിലെ മണ്ണിൽ കർഷകർക്ക് മൈനുകൾ കൂടി തിരിച്ചറിയാൻ സഹായിക്കുന്ന കൊയ്ത്തുയന്ത്രവും കൺചലനങ്ങൾക്കനുസരിച്ച്നീങ്ങുന്ന വീൽചെയറുമെല്ലാം ഇവരുടെ പണിപ്പുരയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

