ലോകകപ്പ് വേദികളിലേക്ക് റോഡുകൾ തയാർ
text_fieldsഅശ്ഗാലിന്റെ മേൽനോട്ടത്തിൽ റോഡ് നിർമാണം പുരോഗമിക്കുന്നു
സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകൾ 99 ശതമാനവും പൂർത്തിയായതായി അശ്ഗാൽ
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വേദികളുമായി ബന്ധിപ്പിക്കുന്ന അത്യാധുനിക റോഡ് ശൃംഖലയുടെ നിർമാണം 99 ശതമാനവും പൂർത്തിയായെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. പ്രോജക്ട് ഖത്തർ, ഹോസ്പിറ്റാലിറ്റി ഖത്തർ പ്രദർശനങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ പ്രോജക്ട്സ് ഖത്തർ കോൺഫറൻസ് 2022ൽ അശ്ഗാൽ പ്രോജക്ട് എൻജിനീയറും ദോഹ ഹൈവേ സെക്ഷൻ മേധാവിയുമായ അലി മുഹമ്മദ് ദർവീശാണ് ഇക്കാര്യം പുറത്തുവിട്ടത്. വിശാലമായ റോഡ് ശൃംഖലയിൽ നിരവധി പദ്ധതികളാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അശ്ഗാൽ നടപ്പാക്കുന്നതെന്നും ലോകകപ്പ് ഫുട്ബാളിനായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആധുനിക റോഡ് ശൃംഖലയും സജ്ജമാക്കുന്നതിൽ അശ്ഗാൽ പ്രതിജ്ഞാബദ്ധമാണെന്നും അലി ദർവീശ് വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു വേദികളാണ് ലോകകപ്പിന് തയാറാക്കിയിരിക്കുന്നത്. ഓരോ സ്റ്റേഡിയവുമായും ബന്ധിപ്പിക്കുന്ന വിശാലവും ആധുനികവുമായ റോഡ് ശൃംഖല അശ്ഗാൽ നിർമിച്ചിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ 99 ശതമാനവും പൂർത്തിയായി. അൽ മജ്ദ് ഹൈവേ, അല്ലെങ്കിൽ തുമാമ വഴിയോ റയ്യാൻ സ്റ്റേഡിയത്തിലെത്താൻ സാധിക്കും. സ്റ്റേഡിയം 974ലേക്കെത്താൻ വ്യത്യസ്ത റോഡുകളുണ്ട്. അതുപോലെ അൽഖോറിലേക്കും അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കും വ്യത്യസ്ത വഴികളിലൂടെ എത്താം -അദ്ദേഹം വിശദീകരിച്ചു.
ഖത്തർ ലോകകപ്പ് ആതിഥേയത്വം നേടിയതിനുശേഷം പുതിയ റോഡുകളുടെ നിർമാണത്തിനും നിലവിലുള്ള റോഡുകളുടെ നവീകരണത്തിനുമായി 2000 കോടി ഡോളറാണ് നീക്കിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ലോകകപ്പിനായി ഖത്തർ 220 ബില്യൺ ഡോളർ ചെലവഴിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പ് പോലെയുള്ള വമ്പൻ കായിക ചാമ്പ്യൻഷിപ് നടത്തുന്നതോടെ 20 ബില്യൺ ഡോളറിന്റെ സാമ്പത്തിക വളർച്ചയാണ് ഖത്തർ ലക്ഷ്യമിടുന്നത്. സുപ്രീം കമ്മിറ്റിയുമായി സഹകരിച്ച് പൊതുഗതാഗതത്തിനായുള്ള ഹൈഡ് ആൻഡ് പാർക്ക് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങളോടെ നിർമിക്കുന്ന ഹൈഡ് ആൻഡ് പാർക്ക് ഫാൻ സോണുകളും സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെത്തുന്ന ഫാൻസിനുള്ള താമസസൗകര്യം മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, മറ്റു കാർ പാർക്കിങ് സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുന്നത് തുടരും. ഭാവിയിൽ പുതിയ പങ്കാളികളുമായി ചേർന്ന് വ്യത്യസ്ത പദ്ധതികൾ അവതരിപ്പിക്കും -അലി ദർവീശ് പറഞ്ഞു.
ഖത്തറിലെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുമായുള്ള സഹകരണം വർധിപ്പിക്കുകയാണ് ഖത്തർ ഗവൺമെൻറ് ലക്ഷ്യം വെക്കുന്നതെന്ന് അശ്ഗാൽ പ്രോജക്ട് അഫയേഴ്സ് വിഭാഗം മേധാവി എൻജി. യൂസുഫ് അബ്ദുറഹ്മാൻ അൽ ഇമാദി
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

