റോഡുകൾ സുരക്ഷിതം
text_fieldsദേശീയ ഗതാഗത സുരക്ഷ സമിതി അധ്യക്ഷൻ ബ്രിഗേഡിയർ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മൽകി
ദോഹ: റോഡപകട നിരക്ക് കുറക്കുന്നതിന് ഖത്തർ മുന്നോട്ടുവെച്ച പദ്ധതികൾക്ക് ഐക്യരാഷ്ട്രസഭ റോഡ്സുരക്ഷ പ്രത്യേക പ്രതിനിധി ജീൻ ടോട്ടിെൻറ പ്രശംസ. അടുത്തവർഷത്തോടെ അപകടനിരക്ക് 25 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ആതിഥേയരെന്ന നിലയിൽ സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനമൊരുക്കുന്നതിൽ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമാണ് ഖത്തറിന് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡപകടങ്ങളിൽ ജീവൻ നഷ്ടമായവരെ അനുസ്മരിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിെൻറ ഭാഗമായി ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന ദേശീയ ഗതാഗത സുരക്ഷ സമിതി പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഗതാഗത സുരക്ഷ സമിതി സ്ഥാപിച്ചതിലൂടെ ഖത്തർ കൃത്യമായ ചുവടുവെപ്പുകളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളിലായി കാര്യക്ഷമമായ ഗാതഗത നയങ്ങൾ ഖത്തർ രൂപവത്കരിച്ചിരിക്കുന്നുവെന്നും ദേശീയ ഗതാഗത സുരക്ഷ സമിതി അധ്യക്ഷൻ ബ്രിഗേഡിയർ എൻജി. മുഹമ്മദ് അബ്ദുല്ല അൽ മൽകി പറഞ്ഞു. രാജ്യത്ത് ഗതാഗത സുരക്ഷരംഗത്ത് ഖത്തർ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തുവർഷത്തിനിടെ രാജ്യത്തെ വാഹനാപകട മരണങ്ങൾ 64.4 ശതമാനമായി കുറക്കാൻ കഴിഞ്ഞു. 2010ൽ ഒരു ലക്ഷം ജനസംഖ്യക്ക് 11.3 ആയിരുന്നു അപകട മരണമെങ്കിൽ, 2020ൽ ഇത് നാലായി കുറഞ്ഞതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിെൻറ കണക്കുകൾ പറയുന്നു.
വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരെ ഈ അവസരത്തിൽ സ്മരിക്കുകയാണെന്നും റോഡിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പൊതുജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ഗതാഗത വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രി. മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി പറഞ്ഞു.
ജീവഹാനി സംഭവിച്ചവരെ സ്മരിക്കുന്നതോടൊപ്പം ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുന്ന പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ പ്രശംസിക്കാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുകയാണെന്നും ബ്രി. അൽ ഷഹ്വാനി കൂട്ടിച്ചേർത്തു.
ലോകത്തെ വാഹനാപകടങ്ങൾ സംബന്ധിച്ചും വാഹനാപകടത്തിലെ പരിക്ക് സംബന്ധിച്ചുമുള്ള ആഗോള നിരക്ക് ഉൾപ്പെടെയുള്ള പ്രസേൻറഷൻ ഹമദ് മെഡിക്കൽ കോർപറേഷൻ േട്രാമ, വാസ്കുലാർ വിഭാഗം മേധാവി ഡോ. ഹസൻ അലി സഈദ് ആൽഥാനി അവതരിപ്പിച്ചു. രാജ്യത്ത് റോഡപകടങ്ങൾ കുറക്കുന്നതിന് സ്വീകരിച്ച നടപടികളും നയപരിപാടികളും ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തി.
വാഹനാപകടങ്ങളിലൂടെ ജീവനും പൊതുസ്വത്തും നഷ്ടപ്പെടുത്തുന്നതിനെതിരെ ശക്തവും ദീർഘവീക്ഷണത്തോടെയുമുള്ള നടപടികളാണ് ദേശീയ ഗതാഗത സുരക്ഷ സമിതി സ്വീകരിച്ചുവരുന്നത്. സ്കൂൾ വിദ്യാർഥികളടക്കമുള്ളവരെ ഉൾപ്പെടുത്തി പൊതുജനങ്ങളിൽ ശക്തമായ ബോധവത്കരണ പരിപാടികളും അധികൃതർ സംഘടിപ്പിച്ചുവരുന്നുണ്ട്.
എല്ലാവർഷവും നവംബർ മാസത്തിലെ മൂന്നാമത് ഞായറാഴ്ചയാണ് ജീവൻ പൊലിഞ്ഞവരെ സ്മരിക്കുന്നതിനുള്ള ദിനമായി ആചരിച്ചുവരുന്നത്.
റീ മെംബർ-സപ്പോർട്ട്-ആക്ട് എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ അനുസ്മരണ ദിനാചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

