ബൈക്ക്, ലിമോസിൻ ടാക്സിക്കാരുടെ ശ്രദ്ധക്ക്; ഇടതുചേർന്ന് പോകരുതേ...
text_fieldsഗതാഗത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച
പോസ്റ്റർ
ദോഹ: ഡെലിവറി മോട്ടോർസൈക്കിൾ, ടാക്സി-ലിമോസിന്റെ, യാത്രക്കാരുമായി നീങ്ങുന്ന ബസ് എന്നിവർക്ക് റോഡ് സുരക്ഷ മാർഗനിർദേശങ്ങൾ നൽകി ആഭ്യന്തര മന്ത്രാലയം. നാലും അഞ്ചും വരി പാതകളുള്ള റോഡിൽ ഏറ്റവും വേഗംകൂടിയ വാഹനങ്ങൾ ചീറിപ്പായുന്ന ഇടതുവശത്തെ ലൈനുകളിൽ മോട്ടോർസൈക്ക്ൾ, ടാക്സി, ബസ് യാത്ര പാടില്ലെന്ന് ഓർമപ്പെടുത്തിയ ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മേയ് മുതലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള നിർദേശത്തിലൂടെ അധികൃതർ ഓർമിപ്പിച്ചു.
ഡെലിവറി മോട്ടോർ സൈക്കിൾ റൈഡർമാർക്കും ടാക്സി-ലിമോസിൻ വാഹനങ്ങൾക്കും പുറമെ, 25ൽ അധികം യാത്രക്കാരുള്ള ബസുകൾക്കുമാണ് റോഡിലെ ഇടതു ലൈൻ വഴിയുള്ള യാത്ര നിരോധനമുള്ളത്. മൂന്ന് മുതൽ നാല് വരിപാതകളുള്ള റോഡിൽ ഇടതു ഭാഗത്തെ ആദ്യ വരി ഇത്തരം വാഹങ്ങൾ ഉപയോഗിക്കരുത്. അഞ്ചോ അതിൽ കൂടുതലോ വരിപാതകളുള്ള റോഡുകളിൽ ഇടതുഭാഗത്തുള്ള ഒന്നും രണ്ടും വരിയും ഉപയോഗിക്കാൻ പാടില്ല. റോഡുകളിലെ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് വിഭാഗം ഡ്രൈവർമാരെ ഇത് ഉണർത്തിയത്. 80-100 സ്പീഡിന് മുകളിൽ വേഗത്തിൽ വാഹനങ്ങൾ മിന്നൽ വേഗത്തിൽ കുതിച്ചു പായുന്ന പാതയാണിത്.
ഞായറാഴ്ച സ്കൂളുകൾ കൂടി തുറക്കുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ കൂടി ഭാഗമായാണ് ഈ ഓർമപ്പെടുത്തൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവത്കരണ വിഭാഗം സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ലിമോസിൻ ഡ്രൈവർമാർക്കായി ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

