റോഡ് സുരക്ഷ; സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ കുട്ടികളെ പഠിപ്പിക്കണം
text_fieldsദോഹ: വിദ്യാർഥികളുടെ സുരക്ഷക്കായി കാൽനട ക്രോസിങ്ങുകളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കാൻ പഠിപ്പിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം. വേനലവധിക്കു ശേഷം വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ശ്രമങ്ങൾ ഊർജിതമാക്കി. റോഡ് സുരക്ഷയുടെ പ്രാധാന്യം, കാൽനട ക്രോസിങ്ങുകൾ ഉപയോഗിക്കുന്നതും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് ആവശ്യമയ നിർദേശങ്ങൾ രക്ഷിതാക്കൾ നൽകണം. സ്കൂൾ ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാനും സീറ്റിൽ തന്നെ ഇരിക്കാനും വിദ്യാർഥികളെ ഓർമിപ്പിക്കണം.
സ്കൂൾ പരിസരങ്ങളിൽ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷയും നിരീക്ഷണവും വർധിപ്പിക്കുന്നതിനുള്ള പദ്ധതി ട്രാഫിക് അതോറിറ്റി നടപ്പാക്കിയിട്ടുണ്ട്. സ്കൂൾ ബസുകൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും ശരിയായ വേഗം നിലനിർത്തുന്നുണ്ടെന്നും സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്നും പട്രോളിങ് ഓഫിസർമാർ ഉറപ്പാക്കും. വിദ്യാർഥികൾ ബസുകളിൽ കയറുന്നതും ഇറങ്ങുന്നതും നിരീക്ഷിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും സൂപ്പർവൈസർമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്കൂളുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കാനും അശ്രദ്ധമായ പെരുമാറ്റം ഒഴിവാക്കാനും ഡ്രൈവർമാരെ ഓർമിപ്പിക്കുന്നു.
വിദ്യാർഥികൾ അവരുടെ പഠന പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടാനും അച്ചടക്കം പാലിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളുടേയും സ്കൂൾ ജീവനക്കാർ, സമൂഹത്തിന്റെയും സംയുക്ത ശ്രമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

