ബഹ്റൈൻ ഇന്റർനാഷനൽ കിരീടനേട്ടവുമായി റിയ കുര്യൻ
text_fieldsറിയാ കുര്യൻ എൻ.വി.ബി.എസ് ചീഫ് കോച്ച് മനോജ് സാഹിബ് ജാനും
ഹെഡ് കോച്ച് അഫ്സലിനുമൊപ്പം
ദോഹ: ബഹ്റൈൻ ജൂനിയർ ഇന്റർനാഷനൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടനേട്ടവുമായി ഖത്തറിൽനിന്നുള്ള മലയാളിതാരം. ബി.ഡബ്ല്യൂ.എഫ് റാങ്കിങ് ചാമ്പ്യൻഷിപ് ടൂർണമെന്റിന്റെ അണ്ടർ 15 വിഭാഗത്തിലാണ് ഖത്തറിലെ ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട്സ് (എൻ.വി.ബി.എസ്) താരം കൂടിയായ റിയ കുര്യൻ കിരീടമണിഞ്ഞത്.
ബിർള പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ റിയ കുര്യൻ കോട്ടയം പുതുപ്പള്ളി സ്വദേശികളും ഖത്തർ പ്രവാസികളുമായ ജിതേഷ് കുര്യൻ- റിങ്കു മറിയം ജോൺ ദമ്പതികളുടെ മകളാണ്.
ഏഴു വർഷത്തോളമായി ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ കോച്ചിങ് സ്ഥാപനമായ എൻ.വി.ബി.എസിലെ താരമായ റിയ കഴിഞ്ഞവർഷം ബഹ്റൈനിൽ വെള്ളി നേടിയിരുന്നു. ഇത്തവണ ഉജ്ജ്വലമായ പ്രകടനവുമായി സ്വർണത്തിലെത്തി. ആധികാരിക വിജയങ്ങളുമായി മുന്നേറിയ താരം ഫൈനലിൽ യു.എ.ഇയുടെ വൈദേഹി കാളിദാസനെ മൂന്ന് സെറ്റ് മത്സരത്തിലാണ് തോൽപിച്ചത്. സ്കോർ: 10-21, 22-20, 21-19. ആദ്യ സെറ്റിൽ കീഴടങ്ങിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ വീറുറ്റ അങ്കത്തിലൂടെ മത്സരവും കിരീടവും സ്വന്തമാക്കി. സെമിയിൽ യു.എ.ഇയുടെതന്നെ ആർവി ഗണ്ഡേൽകറിനെ നേരിട്ടുള്ള രണ്ട് സെറ്റിൽ തോൽപിക്കുകയായിരുന്നു.
എൻ.വി.ബി.എസിലെ ഹെഡ് കോച്ച് ഒ.കെ. അഫ്സലിന് കീഴിൽ മാമുറയിലെ കേംബ്രിഡ്ജ് ബോയ്സ് സ്കൂൾ ബ്രാഞ്ചിലാണ് പരിശീലിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച റിയ കുര്യനെയും കോച്ചിങ് ടീമിനെയും എൻ.വി.ബി.എസ് മാനേജ്മെന്റ് അഭിനന്ദിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഏറ്റ പരിക്കിൽനിന്ന് മോചിതയായ റിയ, രാവിലെയും വൈകീട്ടുമായി മണിക്കൂറുകൾ നീണ്ട പരിശീലനത്തിലൂടെയാണ് മത്സരത്തിനു സജ്ജമായത്. ഇന്ത്യൻ റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളവർക്കാണ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. നിലവിൽ 21ാം റാങ്കിലാണ് റിയ. ഏഷ്യതലത്തിൽ ഏഴാം റാങ്കിലും.
റിയയുടെ കിരീട വിജയത്തെ എൻ.വി.ബി.എസ് ചീഫ് കോച്ച് മനോജ് സാഹിബ് ജാൻ അഭിനന്ദിച്ചു. അണ്ടർ 15 വിഭാഗത്തിൽ കിരീട വിജയത്തോടെ പൂർത്തിയാക്കിയ റിയ, വരും വർഷങ്ങളിൽ അണ്ടർ 17, 19 വിഭാഗങ്ങളിലേക്കുകൂടി സജ്ജമാവും. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളും റാങ്കിങ്ങുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അന്തർദേശീയ ടൂർണമെന്റുകളിലെ പങ്കാളിത്തം കൂടുതൽ വിപുലമാക്കി റിയ കുര്യനെപോലുള്ള കൂടുതൽ പ്രതിഭകളെ വാർത്തെടുക്കാൻ എൻ.വി.ബി.എസ് പ്രതിജ്ഞാബദ്ധമാണെന്ന് സി.ഇ.ഒ ബേനസിർ മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

