‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’; ഖത്തർ ദേശീയദിന മുദ്രാവാക്യം പുറത്തിറക്കി
text_fieldsദോഹ: ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം പുറത്തിറക്കി. ‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ (ബികും തഅ് ലൂ വ മിൻകും തൻതദിർ) എന്ന ഏറെ ശ്രദ്ധേയമായ മുദ്രാവാക്യം കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ഓർഗനൈസിങ് കമ്മിറ്റിയാണ് പുറത്തുവിട്ടത്. ഈ മുദ്രാവാക്യം പിറന്നത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. 2016ൽ ഖത്തർ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിൽനിന്നാണ് ഈ വാക്യങ്ങൾ ഉരുവിട്ടത്.
മനുഷ്യർ തന്നെയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർമാണ ഘടകം, അതിന്റെ ഏറ്റവും വലിയ നിക്ഷേപം. ഖത്തർ നിങ്ങളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത് -യുവാക്കളെ മുൻനിർത്തി അമീർ പറഞ്ഞ വാക്കുകളാണിത്. നിങ്ങളോടൊപ്പം ഈ രാജ്യം ഉയരുകയും നിങ്ങളിൽനിന്ന് കാത്തിരിക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രത്തെ നിലനിർത്തുന്നതും അതിന്റെ നവോത്ഥാനത്തെ ഏകീകരിക്കുന്നതും മനുഷ്യനെ കെട്ടിപ്പടുക്കുന്നതിലൂടെയാണ്, ഇതാണ് ഈ മുദ്രാവാക്യത്തെ അർഥമാക്കുന്നത്.
ഈ വർഷത്തെ മുദ്രാവാക്യം അമീറിന്റെ പ്രചോദനാത്മകമായ ഉദ്ധരണിയെ ഉൾക്കൊള്ളുന്നതാണെന്ന് സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. രാഷ്ട്രനിർമാണവും മനുഷ്യവികസനവും തമ്മിൽ കൈകോർക്കുന്നുവെന്നും, രാജ്യത്തിന്റെ അഭിവൃദ്ധി ജനങ്ങളുടെ സമർപ്പണത്തിലൂടെയും പ്രതിബദ്ധതയിലൂടെയുമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നുമുള്ള ഉറച്ച വിശ്വാസത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. 1878ൽ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണക്കായി എല്ലാ വർഷവും ഡിസംബർ 18ന് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നു.
വിശ്വസ്തത, ദേശീയ അഭിമാനം, സ്വത്വബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഓരോ വർഷത്തെയും മുദ്രാവാക്യമെന്ന് സംഘാടക സമിതി വിശദമാക്കി. ഖത്തർ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
എല്ലാ മേഖലകളിലും സമഗ്ര വികസനം നേടി, രാജ്യം ആഗോളതലത്തിൽ തിളക്കമാർന്ന മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

