ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകും -എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ
text_fieldsഎൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയറുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ (എൻ.എച്ച്.ആർ.സി) മുൻഗണനകളിൽ കുട്ടികളുടെ അവകാശങ്ങൾ, പ്രത്യേകിച്ച് ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ അഭിപ്രായപ്പെട്ടു. എൻ.എച്ച്.ആർ.സി ചെയർപേഴ്സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. കൂടിക്കാഴ്ചയിൽ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും ഉൾപ്പെടെ എൻ.എച്ച്.ആർ.സിയുടെ പങ്കും മുൻഗണനകളും അവർ പങ്കുവെച്ചു.
കൂടുതൽ പിന്തുണയും സംരക്ഷണവും ആവശ്യമുള്ള വിഭാഗമാണ് ഭിന്നശേഷി കുട്ടികൾ. അവരെ ശാക്തീകരിക്കുന്നതിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നിയമം പാസാക്കിയതിലൂടെ ഖത്തർ ഒരു സുപ്രധാന കാൽവെപ്പാണ് നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. സംഘർഷ മേഖലകളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി യു.എൻ ശ്രമങ്ങളെ അവർ പ്രശംസിച്ചു. വിദ്യാഭ്യാസം, ആക്രമണം, മാനസികാഘാതം തുടങ്ങി സംഘർഷ മേഖലകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചും അവർ സംസാരിച്ചു.
മറുവശത്ത്, അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റുമായും അൽ അതിയ്യ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ, വിദ്യാഭ്യാസം, ജോലി, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് സ്പെഷൽ റിപ്പോർട്ടറുടെ പ്രധാന റിപ്പോർട്ടുകളും അൽ അതിയ്യ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

