റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്
text_fieldsദോഹ: കോവിഡ് ഭീതിയകന്നതിനു പിന്നാലെ, കഴിഞ്ഞ മാസങ്ങളിൽ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ മൂന്നു മാസവും 100 കോടി റിയാലിന് മുകളില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരം നടന്നതായി നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വലിയ ഇടിവുണ്ടായിരുന്നു. ഉണർവു നേടി തിരിച്ചുവരുന്നതിനിടെ, കഴിഞ്ഞ വർഷാവസാനം ഒമിക്രോണ്‍ കൂടിവന്നതോടെ മന്ദഗതിയിലായി. അവിടെനിന്നാണ് പുതുവർഷത്തിൽ മൂന്നുമാസം പിന്നിടുമ്പോൾ റിയൽ എസ്റ്റേറ്റ് വ്യാപാരം ശക്തിപ്രാപിക്കുന്നത്. ഫെബ്രുവരിയിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൂടുതല്‍ ഇടപാടുകള്‍ നടന്നത്.
170 കോടി ഖത്തര്‍ റിയാല്‍ അതായത്, 3500 കോടി ഇന്ത്യന്‍ രൂപയുടെ കരാറുകള്‍ ഇക്കാലത്ത് ഒപ്പുവെച്ചതായി നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 160 കോടി റിയാലിന്‍റെയും മാര്‍ച്ചില്‍ 130 കോടി റിയാലിന്‍റെയും ഇടപാടുകളാണ് നടന്നത്. കോവിഡ‍് പ്രതിസന്ധികള്‍ക്കിടയിലും 25 ബില്യണ്‍ റിയാലിന്‍റെ ഇടപാടുകളാണ് 2021ല്‍ നടന്നത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനം കൂടുതലായിരുന്നു ഇത്. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 21ന് കിക്കോഫ് മുഴങ്ങാനിരിക്കെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ കുതിപ്പാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.