Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിട്ടേണി ഐ.ഡി കാർഡ്; തിരിച്ചെത്തിയ പ്രവാസിയുടെ അവകാശരേഖയാകണം

text_fields
bookmark_border
റിട്ടേണി ഐ.ഡി കാർഡ്; തിരിച്ചെത്തിയ പ്രവാസിയുടെ അവകാശരേഖയാകണം
cancel

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയവർക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ഇതിനെ ഒരു പുതിയ തിരിച്ചറിയൽ കാർഡ് എന്ന നിലയിൽ മാത്രം കണ്ടാൽ പദ്ധതിയുടെ സാധ്യത പരിമിതപ്പെടും.

തിരിച്ചെത്തിയ പ്രവാസിയുടെ അവകാശങ്ങളും അർഹതകളും ഉറപ്പാക്കുന്ന ഒരു സാമൂഹിക സുരക്ഷാ രേഖയായി ഇതിനെ വികസിപ്പിക്കുകയാണ് കാലത്തിന്റെ ആവശ്യം.വർഷങ്ങളോളം വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്ത പ്രവാസികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നൽകുന്നു; എന്നാൽ തിരിച്ചെത്തിയാൽ അവരുടെ പ്രവാസാനന്തര ജീവിതത്തിന് വ്യക്തമായ ഒരു സംവിധാനമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. പ്രവാസം അവസാനിക്കുന്നതോടെ പല ആനുകൂല്യങ്ങളിലേക്കുമുള്ള പ്രവേശനവും സങ്കീർണമാകുന്നു.

ഈ പശ്ചാത്തലത്തിലാണ് റിട്ടേണി ഐ.ഡി കാർഡിന്റെ പ്രസക്തി. കുറഞ്ഞത് രണ്ടു വർഷം പ്രവാസിയായ ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്ക് കാർഡ് ലഭിക്കും. പദ്ധതിയിൽ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. മൂന്നു വർഷം കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ പ്രത്യേക എൻറോൾമെന്റ് സഹായകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

എന്നാൽ, ഇവിടെ സർക്കാർ അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിക്കണം. കാർഡ് കൈയിൽ കിട്ടിയാൽ പ്രവാസിയുടെ പ്രശ്നം തീരുന്നില്ല; അവിടെ നിന്നാണ് യഥാർത്ഥ ഉത്തരവാദിത്വം ആരംഭിക്കുന്നത്. റിട്ടേണി ഐ.ഡി കാർഡിനെ തൊഴിൽ, സംരംഭം, ആരോഗ്യം, സാമൂഹിക സുരക്ഷ, നിയമസഹായം, നൈപുണ്യ വികസനം തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിക്കണം.

ഒരു കാർഡ് -നിരവധി അവകാശങ്ങളിലേക്കുള്ള പ്രവേശനം എന്ന മാതൃകയിലേക്ക് പദ്ധതി മാറണം. വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങൾക്കായി തിരിച്ചെത്തിയ പ്രവാസി വീണ്ടും വീണ്ടും രേഖകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണം. റിട്ടേണി ഐ.ഡി ഒരു ഏകജാലക സംവിധാനത്തിന്റെ അടിസ്ഥാനമാകണം.

ഇതോടൊപ്പം, പ്രവാസത്തിൽ നേടിയ കഴിവുകളും അനുഭവസമ്പത്തും കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും ഉണ്ടാകണം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകാനും, തൊഴിൽ അന്വേഷിക്കുന്നവർക്ക് അവരുടെ പരിചയത്തിനനുസരിച്ചുള്ള അവസരങ്ങൾ കണ്ടെത്താനും, നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്ക് വിശ്വസനീയമായ പദ്ധതികൾ പരിചയപ്പെടുത്താനും പ്രത്യേക സംവിധാനം വേണം. പ്രവാസികളുടെ സംഭാവനയെക്കുറിച്ച് കേരളം അഭിമാനത്തോടെ സംസാരിക്കാറുണ്ട്. എന്നാൽ പ്രവാസം അവസാനിച്ച ശേഷം അവരെ എങ്ങനെ സംരക്ഷിക്കുന്നു എന്നത് നാം വിലയിരുത്തണം.

കേരളത്തിന്റെ വളർച്ചയിൽ വർഷങ്ങളോളം പങ്കുവഹിച്ചവർ, നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കൈപിടിച്ചുയർത്തുന്ന ഒരു സംവിധാനം ഒരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. റിട്ടേണി ഐ.ഡി കാർഡ് ആ ഉത്തരവാദിത്വത്തിലേക്കുള്ള ആദ്യപടിയായി മാറേണ്ടതുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Returnee ID card must become a document of rights for returning expats
Next Story