പരസ്പര ആദരവും മതങ്ങളോടുള്ള ബഹുമാനവും രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം -കാതോലിക്ക ബാവ
text_fieldsഖത്തർ സന്ദർശിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മതങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും ഉത്തരവാദിത്തമുള്ളവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളോടും രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാട് സ്വീകരിക്കുന്നതാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ രീതി. ഭരണത്തിലുള്ളതും ഇല്ലാത്തതുമായ ഏതു പാർട്ടിയാണെങ്കിലും സമൂഹത്തിന്റെയോ സഭയുടെയോ താൽപര്യത്തിന് വിപരീതമായി പ്രവർത്തിക്കുമ്പോൾ നേരിട്ട് ചൂണ്ടിക്കാണിക്കാറുണ്ട്. അതേസമയം, നല്ലകാര്യങ്ങളെ അഭിനന്ദിക്കാനും മടിച്ചിട്ടില്ല. സ്വതന്ത്രമായ വ്യക്തിത്വത്തോടെയാണ് എന്നും സഭ നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ദോഹയിൽ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ സഭയുടെ നിലപാട് വിശദീകരിച്ചത്.
'രാഷ്ട്രീയ നിലപാടുകൾ ഏതെങ്കിലുമൊരു പ്രത്യേക സമൂഹത്തിന് ദോഷംവരുന്നരീതിയിൽ ഉണ്ടാവരുത്. ഇക്കാര്യം, എല്ലാവരോടും പറയാറുമുണ്ട്. തെറ്റായ ഒരു രാഷ്ട്രീയ നിലപാടിനെയും സഭ പിന്തുണക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നന്മയാണ് ഉദ്ദേശ്യമെങ്കിലും ഓരോന്നും പ്രവര്‍ത്തനശൈലിയിലേക്ക് എത്തുമ്പോഴാണ് തിന്മയിലേയ്ക്ക് വീഴുന്നത്.
ഇത്തരം രാഷ്ട്രീയ നിലപാടുകളെ സഭ പ്രോത്സാഹിപ്പിക്കില്ല. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ, മതസമൂഹമോ മറ്റൊരു മതസമൂഹത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ പ്രവർത്തനത്തിൽ ഇടപെടുന്നതും സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതും ആശാസ്യമായ രീതിയല്ല. മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വതന്ത്രമായി വളരട്ടെ. ഒന്ന് ഒന്നിനെ ആക്രമിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്ന ശ്രമങ്ങൾ അപലപനീയം തന്നെയാണ് -അദ്ദേഹം പറഞ്ഞു. ഇടവക പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ നല്കുന്ന പിന്തുണ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ദോഹ ഇടവക നല്കുന്ന പിന്തുണ വലുതാണെന്നും അബു ഹമൂറിലെ മലങ്കര ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ കാതോലിക്ക ബാവ പറഞ്ഞു. ഷാർജയിലും ദുബൈയിലും മസ്കത്തിലുമെല്ലാം നടത്തിയ സന്ദർശനം ഹൃദ്യമായിരുന്നു. ഖത്തറിലെ സന്ദർശനം ഏറെ വിലപ്പെട്ടതായെന്നും വിവിധ സഭാ പ്രതിനിധികളും കമ്യൂണിറ്റി നേതാക്കളുമെല്ലാം പങ്കെടുത്ത കഴിഞ്ഞദിവസങ്ങളിലെ ചടങ്ങുകൾ ഊഷ്മളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്സ് പള്ളി ഇടവക വികാരി ഫാ.തോമസ് ഫിലിപ്പോസ്, സഹവികാരി ഫാ.ഗീവര്‍ഗീസ് എബ്രഹാം, ജനറല്‍ കണ്‍വീനര്‍ കോശി മാത്യു, ഇടവക ട്രസ്റ്റി ഷൈജു ജോര്‍ജ്, സെക്രട്ടറി ഒ.എം.സജിമോന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി ജോണ്‍, ഐഡിസിസി കോഓഡിനേറ്റര്‍ ജോണ്‍ കുര്യാക്കോസ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

