നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം; 'ഇതാണ് നിലപാട്; അത് തുടരും'
text_fieldsശൂറ കൗൺസിൽ സമ്മേളനത്തിനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് ഖത്തർ അമീർ. ഇതാണ് ഞങ്ങളുടെ നിലപാട്; അത് തുടരുമെന്നും ശൂറ കൗൺസിലിന്റെ 55ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഖത്തരി സായുധ സേനയും സുരക്ഷാ ഏജൻസികളും നടത്തിയ ഇടപെടലുകളെ അമീർ പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ ഇറാൻ ആക്രമണം നടത്തിയത്. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ലോകത്തിന്റെ ഒരുഭാഗത്തുണ്ടാകുന്ന അസ്ഥിരതയെ മാത്രമായി വേറിട്ടുനിർത്താനാവില്ലെന്ന് കഴിഞ്ഞകാല സംഭവങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ തുടർച്ചയായ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും അവയുടെ പരമാധികാരവും സ്ഥിരതയും ഉറപ്പാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. ഗൾഫിലെയും ഹുർമുസ് കടലിടുക്കിലെയും സമുദ്രഗതാഗതം സുരക്ഷിതമാക്കുന്നതിനും, ഊർജ്ജ -ജല കേന്ദ്രങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ശ്രമങ്ങൾ ഊർജിതമാക്കണം. നമ്മുടെ മേഖലയെ ശാന്തവും സുരക്ഷിതവുമായി നിലനിർത്താൻ സഹോദര രാജ്യങ്ങളുമായും അന്താരാഷ്ട്ര -പ്രാദേശിക പങ്കാളികളുമായും ചേർന്ന് പ്രവർത്തനം തുടരുമെന്നും അമീർ വ്യക്തമാക്കി.
രാജ്യം അടുത്തിടെ നേരിട്ട അസാധാരണമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഖത്തർ നേരിട്ട രീതിയെ അമീർ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തരി പൗരന്മാരും പ്രവാസികളും കാണിച്ച സഹകരണത്തെയും ഐക്യത്തെയും അമീർ പ്രത്യേകം അഭിനന്ദിച്ചു. പ്രതിസന്ധിയെ ചെറുക്കുക മാത്രമായിരുന്നില്ല, മറിച്ച് ധൈര്യത്തോടും കാര്യപ്രാപ്തിയോടും കൂടി അതിനെ നേരിടാൻ ഖത്തരി ഭരണകൂടത്തിനും സായുധ സേനക്കും സുരക്ഷാ ഏജൻസികൾക്കും സാധിച്ചു.
പ്രതിസന്ധിഘട്ടത്തിൽ ഒരേസമയം മൂന്ന് ഉത്തരവാദിത്തങ്ങളാണ് ഖത്തർ ഏറ്റെടുത്തത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ഊർജ്ജ സുരക്ഷ നിലനിർത്തുക, നയതന്ത്ര ചർച്ചകളുടെ വാതിലുകൾ തുറന്നിടുക എന്നീ ഉത്തരവാദിത്തങ്ങൾ രാജ്യം വിജയകരമായി നിർവ്വഹിച്ചുവെന്നും ഖത്തർ അമീർ വ്യക്തമാക്കി.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവർ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, മറ്റ് ശൈഖുമാർ, മന്ത്രിമാർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
ഖത്തരി ജനതയും ഈ മണ്ണും തമ്മിലുള്ള ബന്ധം കേവലം സമ്പൽസമൃദ്ധി കൊണ്ട് മാത്രം രൂപപ്പെട്ടതല്ല; മറിച്ച്, ഭൂമിശാസ്ത്രപരമായ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയും കഠിനാധ്വാനത്തിലൂടെയും തലമുറകളായി കെട്ടിപ്പടുത്തതാണ് - ഖത്തർ അമീർ
ഗസ്സയിൽ നടക്കുന്നത് വംശഹത്യ
ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെയും അമീർ രൂക്ഷമായി വിമർശിച്ചു. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കിയ അമീർ, ഇതിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയം ഖത്തറിന്റെ മുൻഗണനകളിൽ ഒന്നാമതാണെന്നും ഇസ്രായേൽ അധിനിവേശത്തെയും ലംഘനങ്ങളെയും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഡാൻ, ലിബിയ, യമൻ, സോമാലിയ എന്നീ രാജ്യങ്ങളിലെ പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

