അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം; ആദരവുമായി ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: അടിയന്തര സാഹചര്യങ്ങളിൽ പ്രതിരോധ-സുരക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ ഒമ്പതിന് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണ സമയത്ത് അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും ഒക്ടോബർ 22ന് അൽ വക്റ തുറമുഖത്തുണ്ടായ തീപിടിത്തത്തിൽ സിവിൽ ഡിഫൻസ് ടീമുമായി സഹകരിച്ചവരെയുമാണ് കഴിഞ്ഞദിവസം ആദരിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ, സുരക്ഷ-സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്തവർക്കായിരുന്നു ആദരം നൽകിയത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രശംസ പത്രങ്ങൾ സമ്മാനിച്ചു.
തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിനിടയിൽ സുരക്ഷ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ പിന്തുണച്ചതിലുള്ള അവരുടെ ഉദാത്തമായ നിലപാടുകൾക്കും ക്രിയാത്മകമായ ശ്രമങ്ങൾക്കുമുള്ള അംഗീകാരമാണിത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും അവർ പ്രകടിപ്പിച്ച ഉയർന്ന ഉത്തരവാദിത്തബോധം, സഹകരണ മനോഭാവവും ഇത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

