റിപ്പബ്ലിക് ദിന ആഘോഷവുമായി എംബസി
text_fields1. ഇന്ത്യൻ എംബസി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ അംബാസഡർ വിപുൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരിദ അൽ കഅബിക്കൊപ്പം 2. റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ ഒരുക്കിയ ഇന്ത്യ-ഖത്തർ സൗഹൃദ പ്രദർശനം കാണുന്നവർ
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ സ്വദേശി വ്യവാസായികളും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ ഉന്നതവ്യക്തികളെ പങ്കെടുപ്പിച്ച് ആഘോഷമൊരുക്കി ഇന്ത്യൻ എംബസി.
റിപ്പബ്ലിക്ദിനത്തിൽ ലുസൈൽ ഫെയർമോണ്ട് ദോഹ ഹോട്ടൽ കത്താറ ഹാളിൽ നടന്ന പരിപാടിയിൽ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി, ഖത്തരി വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, ഇന്ത്യൻ കമ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 700ഓളം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ഊർജ സഹമന്ത്രി മുഖ്യാതിഥിയായിരുന്നു.
ചീഫ് ഓഫ് പ്രോട്ടോകോൾ അംബാസഡർ ഇബ്രാഹിം യൂസിഫ് അബ്ദുല്ല ഫഖ്റു, ഡിപ്ലോമാറ്റിക് കോർപ്സ് ഡീൻ, ഖത്തറിലെ എറിത്രിയ അംബാസഡർ അലി ഇബ്രാഹിം അഹമ്മദ്, ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി എന്നിവരും അതിഥികളായെത്തി. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും പങ്കെടുത്തു.
ഖത്തറിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധം വ്യാപാരം, നിക്ഷേപം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായി ഇന്ത്യൻ അംബാസഡർ വിപുൽ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേകിച്ച് വ്യാപാരം, വിനോദസഞ്ചാരം, സാംസ്കാരിക മേഖലകളിൽ ആഴത്തിലുള്ള ഇടപെടലുകൾ സുഗമമാക്കുന്നതിന് ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭാവനകളെയും അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയിൽനിന്നുള്ള മണിപ്പൂരി നർത്തകർ, സന്തൂർ, തബല കലാകാരന്മാർ എന്നിവരുൾപ്പെടെയുള്ളവരുടെ കലാപരിപാടികളും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ഭരണഘടന, ഖത്തർ -ഇന്ത്യ സൗഹൃദം എന്നീ വിഷയങ്ങളിലൂന്നി പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു. വിശിഷ്ടാതിഥികൾ പ്രദർശനം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

