വർണ്ണാഭമായി ഖത്തറിലെ റിപബ്ലിക് ദിനാഘോഷം
text_fieldsദോഹ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളിൽനിന്ന്
ദോഹ: രാജ്യത്തിന്റെ 74ാമത് റിപ്പബ്ലിക് ദിനാഘോഷം ദോഹയിലെ ഇന്ത്യൻ എംബസിയിൽ വർണപ്പകിട്ടാർന്ന പരിപാടികളോടെ നടന്നു. ആവേശം മുറ്റിനിന്ന അന്തരീക്ഷത്തിൽ ആഘോഷങ്ങൾക്ക് സാക്ഷികളാവാൻ 300ലേറെ പ്രവാസ ഇന്ത്യക്കാർ വെസ്റ്റ് ബേയിലെ ഇന്ത്യൻ എംബസിയിലെത്തിയിരുന്നു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ എംബസി പരിസരത്ത് ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ദേശീയ ഗാനം മുഴങ്ങി.
ഇന്ത്യയും ഖത്തറും തമ്മിൽ സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികമാണ് 2023 എന്ന് ഡോ. ദീപക് മിത്തൽ ചൂണ്ടിക്കാട്ടി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങൾക്കുമിടയിലെ പാലമായി വർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തെ അംബാസഡർ അഭിനന്ദിച്ചു. ‘ഖത്തറിലുള്ള നമുക്കെല്ലാവർക്കും ഈ വർഷം രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ഇവിടെ ആഘോഷിക്കുമ്പോൾ അത് സവിശേഷമാണ്. കാരണം ഇന്ത്യയും ഖത്തറും തമ്മിൽ സമ്പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50ാം വാർഷികമാണിത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള സമകാലിക ബന്ധങ്ങളുടെ യാത്രയിൽ വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്.
ദോഹ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ അംബാസഡർ ഡോ. ദീപക് മിത്തൽ ദേശീയ പതാക ഉയർത്തുന്നു
ഈ സുപ്രധാന ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താനുള്ള വേളയാണിത്. 2022 ഫിഫ ലോകകപ്പ് നമ്മളെല്ലാവരും അങ്ങേയറ്റം ആസ്വദിച്ചപ്പോൾ ആതിഥേയ രാജ്യം കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങളാണ് അത് സാക്ഷ്യപ്പെടുത്തിയത്. ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും അവിസ്മരണീയവും ഐതിഹാസികവുമായ ഫിഫ ലോകകപ്പുകളിൽ ഒന്നാണതെന്ന് ഞാൻ കരുതുന്നു’ -അംബാസഡർ പറഞ്ഞു.
വിവിധ മേഖലകളിൽ മികവുകാട്ടുന്ന ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. ’വ്യാപാരം, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലായി ഇരുരാജ്യങ്ങൾക്കുമിടയിലെ 50 വർഷത്തെ നയതന്ത്രബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. കാർഷിക സഹകരണം, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നീ പുതിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കാനാണ് ശ്രമം’ -ഡോ. മിത്തൽ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം ചടങ്ങിൽ അംബാസഡർ വായിച്ചു. ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും ഉൾപ്പടെ വർണാഭമായ പരിപാടികളും ചടങ്ങിൽ അരങ്ങേറി. സമൂഹ മാധ്യമങ്ങളിലും എംബസിയുടെ യൂട്യൂബ് ചാനലിലും പരിപാടികളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

