മാലിന്യം നീക്കി; ക്ലീനായി അൽ തുമാമ
text_fieldsഅൽ തുമാമ താമസ മേഖലയിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ അൽ തുമാമയിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ട് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സീഷോർ ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു തുമാമയിലെ ഫരീജ് 50ൽ കെട്ടിടാവശിഷ്ടങ്ങളും നിർമാണ മാലിന്യങ്ങളും ഉൾപ്പെടെ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റിയുടെ നഗര ശുചീകരണ യത്നത്തിന്റെയും ജനവാസമേഖലകൾ സമ്പൂർണമായി ശുചിയാക്കി ജീവിതസാഹചര്യം മികവുറ്റതാക്കുന്നതിന്റെയും ഭാഗമായിരുന്നു ഈ യത്നം.
2500 ട്രക് ലോഡ് മാലിന്യങ്ങളാണ് വിപുലമായ ദൗത്യത്തിലൂടെ നീക്കം ചെയ്തത്. പരിസ്ഥിതിയും ചുറ്റുപാടും ശുചിയായി സൂക്ഷിക്കുക, സുസ്ഥിര പരിസ്ഥിതി നിലനിർത്തുക, സുരക്ഷിത ജീവിതസാഹചര്യം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയുടെ നിർദേശ പ്രകാരം ശുചീകരണ കാമ്പയിൻ ആരംഭിച്ചത്.ഫീൽഡ് സർവേ, നിരീക്ഷണങ്ങൾ, മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യൽ എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ നടപ്പാക്കിയത്.
സർക്കാർ സംവിധാനങ്ങളും സ്വകാര്യമേഖലയും കൈകോർത്തതിന്റെ വിജയകരമായ മാതൃകയാണ് അൽ തുമാമയിലെ മാലിന്യനീക്കമെന്ന് ദോഹ മുനിസിപ്പാലിറ്റി ജനറൽ ഡയറക്ടർ എൻജി. മുഹമ്മദ് ഹസ്സൻ അൽ നുഐമി പറഞ്ഞു. മാലിന്യ നിർമാർജന ചട്ടങ്ങൾ പാലിക്കാൻ കരാറുകാരും നിർമാണ മേഖലയിലുള്ളവരും ശ്രമിക്കണമെന്നും നിയമ ലംഘകകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

