ഗസ്സക്ക് കരുതൽ; കര, വ്യോമ മാർഗങ്ങളിലൂടെ സഹായം
text_fieldsഗസ്സയിലേക്കുള്ള ഇന്ധന ടാങ്കുകൾ
ദോഹ: വെടിനിർത്തൽ കരാറിനു പിന്നാലെ ജീവിതത്തിലേക്ക് തിരികെയെത്തുന്ന ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ഭക്ഷണം, പാർപ്പിട സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ കര, വ്യോമ മാർഗങ്ങളിലൂടെയാണ് ഗസ്സയിലെത്തിക്കുന്നതെന്ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യു.എഫ്.എഫ്.ഡി) അറിയിച്ചു. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം, ഭക്ഷ്യേതര വസ്തുക്കൾ മുതൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം വരെ വിവിധ മേഖലകളിലായി 26 മാനുഷിക പദ്ധതികളാണ് ഖത്തർ നേതൃത്വത്തിൽ ഗസ്സയിൽ നടപ്പാക്കുന്നത്.
ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവയുൾപ്പെടുന്ന സഹായം വിവിധ മാർഗങ്ങളിലൂടെ തുടരുന്നു. 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലക്ഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, ശുചിത്വ ഉപകരണങ്ങൾ എന്നിവ ഗസ്സയിലെത്തിച്ചതായി ക്യു.എഫ്.എഫ്.ഡി അറിയിച്ചു. രണ്ട് ഹെലികോപ്ടറുകൾ വഴി 29,000 ബോക്സ് മരുന്നുകളും വിതരണം നടത്തി. പരിക്കേറ്റവരെയും രോഗികളെയും ചികിത്സിക്കാൻ സഹായിക്കുന്നതിന് 29,000 ആന്റിബയോട്ടിക് മരുന്ന് പെട്ടികളും ഇന്ധനാവശ്യങ്ങൾക്കായി 23,000 ലിറ്റർ ഡീസലും, 2,46,000 ലിറ്റർ പെട്രോളും സഹായത്തിലുൾപ്പെടും.
ജോർഡനിലെ സംഭരണശാലയിൽ നിന്ന് 23,000 ധാന്യപ്പൊടി ബാഗുകൾ, 36,000 പോഷകാഹാര പാക്കറ്റുകൾ, 2,50,000 റെഡി ടു മീൽസ് എന്നിവ ഗസ്സയിലെത്തിച്ചിട്ടുണ്ട്. കഠിനമായ ശൈത്യകാലത്ത് ദുരിതമകറ്റുന്നതിന് 10,000 പുതപ്പുകളും ഇതോടൊപ്പമുണ്ട്. ശൈത്യകാല വസ്ത്രങ്ങൾ, പോർട്ടബ്ൾ ടോയ്ലറ്റുകൾ, മരുന്നുകൾ, റെഡി ടു ഈറ്റ് ഭക്ഷണം, പുതപ്പുകൾ, കുട്ടികളുടെ അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെ കുട്ടികൾക്കായി മാത്രം 1,10,000ത്തിലധികം പാക്കേജുകളും ഗസ്സയിലേക്ക് ഖത്തർ അയച്ചു.
ഖത്തർ ഫണ്ട് നേതൃത്വത്തിൽ ഹെലികോപ്ടർ വഴി ഗസ്സയിലേക്ക് മരുന്നുകൾ എത്തിക്കുന്നു
വെസ്റ്റ് ബാങ്ക് വഴി അവശ്യസാധനങ്ങളുമായി ഏഴ് ട്രക്കുകളാണ് അയച്ചത്. 162 ടണിലധികം പച്ചക്കറികളും 22 ടൺ ഫ്രോസൺ ചിക്കനും ഇതിലുൾപ്പെടും. ഈജിപ്തിൽ നിന്ന് 17,226 ഭക്ഷ്യ ബാസ്കറ്റുകൾ, 30,000 റെഡി ടു ഈറ്റ് ഭക്ഷണപ്പൊതികൾ, വലിയ അളവിൽ ധാന്യപ്പൊടികൾ, കുഞ്ഞുങ്ങൾക്കുള്ള പാൽ, കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ എന്നിവയുമായി 125 ട്രക്കുകളാണ് ഗസ്സയിൽ പ്രവേശിച്ചത്.
കൂടാതെ പുതപ്പുകൾ, മെത്തകൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി ശൈത്യകാല അവശ്യ വസ്തുക്കൾക്കൊപ്പം അയ്യായിരത്തിലധികം ടെന്റുകളും ഇതിലുൾപ്പെടും. യുദ്ധത്തെത്തുടർന്നുള്ള കടുത്ത ദുരിതവും കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രയാസങ്ങളും ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഫലസ്തീൻ ജനതയെ പിന്തുണക്കുയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

