പ്രവാസികൾക്ക് ആശ്വാസം; നാട്ടിലേക്ക് കൂടുതൽ വിമാന സർവിസുകൾ
text_fieldsദോഹ: പ്രവാസികൾക്ക് ആശ്വാസമായി ദോഹയിലേക്കും തിരിച്ചുമുള്ള സർവിസുകൾ പുനരാരംഭിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് ദോഹയിൽനിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ പുനരാരംഭിച്ചത്.
ദോഹയിൽനിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചത്. ഇന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസും ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയും സർവിസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിനുപുറമേ ഡൽഹി, മുംബൈ, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, അമൃത് സർ, ബൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേസും സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തേ, യു.എസ് -ഇറാൻ യുദ്ധത്തിനുശേഷം ഖത്തർ എയർവേസ് മാത്രമാണ് ഇന്ത്യയിലേക്ക് നേരിട്ട് സർവിസ് നടത്തിയിരുന്നത്. ഇന്ത്യൻ എയർലൈൻസുകൾ കൂടി സർവിസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഇതോടൊപ്പം, അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബസമേതം യാത്രക്കൊരുങ്ങുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. ബന്ധപ്പെട്ട അധികാരികളുമായും എയർലൈൻ പങ്കാളികളുമായും ഏകോപിപ്പിച്ചാണ് എല്ലാ സർവിസുകളും പുനരാരംഭിക്കുന്നതെന്നും യാത്ര സംബന്ധമായ വിവരങ്ങൾക്ക് അതത് എയർലൈൻ കമ്പനികളെ ബന്ധപ്പെടണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു.
ഖത്തറിനു പുറമേ കേരളത്തില്‍നിന്ന് ബഹ്റൈന്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചിട്ടുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ അമൃതസര്‍, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളിലേക്കുള്ള സര്‍വിസുകളാണ് പുനരാരംഭിച്ചിട്ടുള്ളത്. ദോഹ, ദുബൈ, അബുദാബി, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ ഐന്‍, മസ്ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വിസുകളാണ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

