ഖുര്‍ആനിക സന്ദേശങ്ങളുടെ പ്രസക്തിയേറുന്നു -ഡോ. എം.പി. ഹസന് കുഞ്ഞി
text_fieldsഖുര്‍ആന്‍ മലയാളത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന് ആദ്യ പ്രതി നല്കി ഡോ. എം.പി. ഹസന് കുഞ്ഞി നിര്‍വഹിക്കുന്നു
ദോഹ: പ്രശ്ന കലുഷിതമായ സമകാലിക ലോകത്ത് ഖുര്‍ആനിക സന്ദേശങ്ങളുടെ പ്രസക്തിയേറുകയാണെന്ന് പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം.പി. ഹസന് കുഞ്ഞി അഭിപ്രായപ്പെട്ടു.
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫലിയുടെ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനപ്പെടുത്തി വി.വി.എ. ശുക്കൂര്‍ തയാറാക്കിയ ഖുര്‍ആന്‍ മലയാളത്തിന്റെ ഖത്തറിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകമാനവികതയും സാഹോദര്യവും ഉദ്ഘോഷിച്ച് മനുഷ്യരെ ചേര്‍ത്തുപിടിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്നതാണ് ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന് ആദ്യ കോപ്പി സ്വീകരിച്ചു.
ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സര്‍ഗാത്മകതയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്നതാണ് ഖുര്‍ആന്‍ മലയാളമെന്നും ഖുര്‍ആനിന്റെ ആശയവും സൗന്ദര്യവും സംരക്ഷിക്കുന്ന ശ്രദ്ധേയമായ ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പ്രപഞ്ചത്തോളം വിശാലമായതും മനുഷ്യജീവിതത്തിന്റെ സമഗ്രതലങ്ങളെ ഉള്‍കൊള്ളുന്നതും മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്കപ്പെട്ടതുമായ നിത്യപ്രകാശമാണ് എന്ന വിശാലമായ ആശയമാണ് ഖുര്‍ആന്‍ മലയാളം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്.
ഓരോ ഖുര്‍ആന്‍ വചനത്തിനും മലയാളത്തില്‍ ലിപ്യന്തരണം നല്കിയിരിക്കുന്നതിനാല്, അറബി അക്ഷരങ്ങള്‍ പരിചയമില്ലാത്ത വായനക്കാര്‍ക്കും ഖുര്‍ആന്‍ വചനങ്ങള്‍ വായിക്കുവാന്‍ സാധിക്കുമെന്നത് ഈ വിവര്‍ത്തനത്തിന്റെ സവിശേഷതയാണ്.
ഖുര്‍ആന്‍ മലയാളം വിവര്‍ത്തന-പ്രസാധന പദ്ധതി ആശയം ഫൗണ്ടേഷന്റെ ലാഭേച്ഛയില്ലാത്ത സംരംഭമാണ്.
കേരള സർക്കാറില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് ആശയം ഫൗണ്ടേഷന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946494433/ 7994380830 എന്നീ വാട്സ്ആപ് നമ്പറുകളില്‍ ബന്ധപ്പെടാം.