ഖത്തർ എയർവേസ് ടിക്കറ്റെടുത്തവർക്ക് റീഫണ്ട്; തീയതി മാറ്റാൻ അവസരം
text_fieldsദോഹ: സംഘർഷ സാഹചര്യത്തെ തുടർന്ന് ജൂൺ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ടോ, സൗജന്യമായി തീയതി മാറ്റാനോ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ടിക്കറ്റെടുത്തവർക്ക് അധിക ചാർജ് ഇല്ലാതെ തീയതി മാറ്റുകയോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാം. ടിക്കറ്റ് എടുത്തവർക്ക് നിലവിൽ ഒക്ടോബർ 31 വരെയുള്ള മറ്റ് തീയതികളിലേക്ക് സൗജന്യമായി യാത്ര തീയതി മാറ്റാം.
ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മുഴുവൻ തുകയും 28 പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ നൽകും. മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വ്യോമാതിർത്തി അടച്ചതിനാൽ യാത്ര തടസ്സപ്പെട്ടവർക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. നിലവിലെ നിയന്ത്രിത വ്യോമപാതകളിലൂടെയുള്ള സർവിസുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായും ഖത്തർ എയർവേസ് അധികൃതർ അറിയിച്ചു.
കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ സർവിസുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിമാന സർവിസുകളിൽ 41 ശതമാനം വർധനവുണ്ടായി.
സിവിൽ ഏവിയേഷന്റെ അനുമതി പ്രകാരം പ്രത്യേക എയർ കൊറിഡോർ വഴിയാണ് നിലവിൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. വ്യോമപാത പൂർണമായി തുറന്നാൽ മാത്രമേ ഷെഡ്യൂൾ പ്രകാരമുള്ള സാധാരണ നിലയിലുള്ള സർവിസുകൾ പുനരാരംഭിക്കുതയുള്ളൂ. അതിനാൽ, സ്ഥിരീകരിച്ച ടിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്താവളത്തിലേക്ക് പോകാവു. പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതിന് യാത്രക്കാർ അവരുടെ വിവരങ്ങൾ വെബ്സൈറ്റിലോ ആപ്പിലോ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

