ഖത്തറിനെ പരിശീലന വേദിയാക്കി അഭയാർത്ഥി ഒളിമ്പിക്സ് ടീം
text_fieldsആസ്പയർ അക്കാദമിയിൽ പരിശീലിക്കുന്ന അഭയാർഥി ഒളിമ്പിക് ടീമിനെ സന്ദർശിക്കുന്ന ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൊവാൻ ബിൻ ഹമദ് ആൽഥാനി
ദോഹ: ടോക്യോ ഒളിമ്പിക്സിനുള്ള അഭയാർഥി അത്ലറ്റുകളുടെ ടീം ഖത്തറിൽ പരിശീലനം ആരംഭിച്ചു. ഞായറാഴ്ച ഇവിടെയെത്തിയ സംഘാംഗങ്ങൾ ആസ്പയർ സോൺ സ്പോർട്സ് സെൻററിലാണ് ഒളിമ്പിക്സിനായി ഒരുങ്ങുന്നത്. ആഭ്യന്തര യുദ്ധവും മറ്റും കാരണം 11 രാജ്യങ്ങളിൽനിന്ന് അഭയാർഥികളായ 29 അത്ലറ്റുകളാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റിയുടെ അതിഥികളായാണ് ഇവരുടെ വരവ്. 2016 റിയോ ഒളിമ്പിക്സിലാണ് ആദ്യമായി അഭയാർഥി അത്ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി ഇറങ്ങുന്നത്.
അഭയാർഥി ഒളിമ്പിക്സ് ടീം അംഗങ്ങൾ പരിശീലനത്തിൽ
തിങ്കളാഴ്ച പരിശീലനം ആരംഭിച്ച ടീം അംഗങ്ങൾക്ക് വിജയാശംസകളുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൊവാൻ ബിൻ ഹമദ് ആൽഥാനിയെത്തി. ചൊവ്വാഴ്ച ആസ്പയർ സ്പോർട്സ് സോൺ സന്ദർശിച്ച അദ്ദേഹം, അഭയാർഥി ഒളിമ്പിക് ടീം അംഗങ്ങളുമായും പരിശീലകരുമായും സംസാരിച്ചു. ഏർപ്പെടുത്തിയ സൗകര്യങ്ങളും വിലയിരുത്തി.
രാജ്യമില്ലാത്ത കായികതാരങ്ങൾ ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജീ ഹൈകമീഷണർ, െഎ.ഒ.സി ഒളിമ്പിക് റെഫ്യൂജീ ഫൗണ്ടേഷൻ എന്നിവരുടെ പിന്തുണയിലാണ് വിശ്വമേളക്കായി ഒരുങ്ങുന്നത്. ഐ.ഒ.സിയുടെ റെഫ്യൂജി അത്ലറ്റ് സ്കോളർഷിപ് സ്വീകരിച്ച 55 പേരുടെ ടീമിൽനിന്നാണ് 29 പേരെ ടോക്യോ പോരാട്ടത്തിലേക്ക് തിരഞ്ഞെടുത്തത്. അത്ലറ്റിക്സ്, നീന്തൽ, ബാഡ്മിൻറൺ, ബോക്സിങ്, സൈക്ലിങ്, ജുഡോ, കരാേട്ട, ഷൂട്ടിങ്, തൈക്വാൻഡോ, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്തി എന്നിങ്ങനെ 12 ഇനങ്ങളിലായാണ് ഇവർ മത്സരത്തിനിറങ്ങുന്നത്. മുൻ കെനിയൻ ദീർഘദൂര താരവും ലോകചാമ്പ്യനുമായ ടെഗ്ല ലോറുപ്പാണ് സംഘത്തിൻെറ ചെഫ് ഡി മിഷൻ. ഇവർക്കൊപ്പം 20 അംഗ പരിശീലകരും അഭയാർഥി ടീമിനൊപ്പമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.