ജൂലൈയിൽ റെക്കോഡ് സഞ്ചാരികൾ
text_fieldsന്യു സൽവ അതിർത്തി
ദോഹ: ലോകകപ്പിലേക്ക് നാളുകൾ എണ്ണി കാത്തിരിക്കെ ഖത്തറിന്‍റെ വിനോദസഞ്ചാര മേഖലക്ക് ഉണർവ് പകരുന്ന കണക്കുകൾ പുറത്തുവിട്ട് അധികൃതർ. ബലിപെരുന്നാളും നിരവധി വേനലവധി പരിപാടികൾക്കും വേദിയായ ജൂലൈയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ സന്ദർശക ഒഴുക്ക് അനുഭവപ്പെട്ടതായി ഖത്തർ ടൂറിസം അറിയിച്ചു.
ജൂലൈയിൽ 1.51 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിൽനിന്ന് സന്ദർശകരായി ഖത്തറിലെത്തിയത്. 2017നുശേഷം, വേനൽകാലത്തെ ഏറ്റവും വലിയ സന്ദർശക പ്രവാഹമാണിതെന്ന് ഖത്തർ ടൂറിസം വാർത്തക്കുറിപ്പിൽ അറിയിച്ചു. ജൂലൈയിൽ രാജ്യത്ത് എത്തിയവരിൽ 62 ശതമാനവും ജി.സി.സി രാജ്യങ്ങളിൽനിന്നായിരുന്നു. അവരിൽ ഏറ്റവും കൂടുതൽ പേരാവട്ടെ, സൗദി അറേബ്യയിൽ നിന്നും. 43 ശതമാനം സഞ്ചാരികളാണ് സൗദിയിൽനിന്ന് ഖത്തറിലെത്തിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ് (ഏഴ് ശതമാനം). ഒമാൻ (ആറ് ശതമാനം), കുവൈത്ത് (നാല്), ബഹ്റൈൻ (അഞ്ച്), യു.എ.ഇ (നാല്), അമേരിക്ക (മൂന്ന്), ബ്രിട്ടൻ (മൂന്ന്) എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്.
അയൽരാജ്യങ്ങളിൽനിന്ന് റോഡ് മാർഗം ഡ്രൈവ് ചെയ്താണ് സന്ദർശകർ ഏറെയും എത്തിയത്. അവധി ആഘോഷിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ലോകകപ്പിനായൊരുങ്ങുന്ന ഖത്തറിന്‍റെ കാഴ്ചകൾ കാണാനുമായി നിരവധിപേർ എത്തി. ഇവരിൽ 55 ശതമാനം പേരും അബുസംറ അതിർത്തി കടന്നായിരുന്നു വന്നത്. ആകാശമാർഗം 44 ശതമാനവും കടൽമാർഗം ഒരുശതമാനവുമാണ് യാത്രക്കാർ.
അതിർത്തി കടന്ന് കരമാർഗമുള്ള യാത്ര വരുംകാലങ്ങളിൽ വർധിക്കും. അടുത്തിടെയാണ് ന്യൂ സൽവ അതിർത്തി കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോവാനുള്ള സൗകര്യവുമായി സൗദി വികസിപ്പിച്ചത്. പ്രതിദിനം 24,800 വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയും. ലോകകപ്പ് വേളയിൽ തങ്ങളുടെ പൗരന്മാർക്ക് എളുപ്പത്തിൽ ഖത്തറിലെത്താനും മത്സരങ്ങൾ കാണാനെത്തുന്ന വിദേശ യാത്രികർക്ക് സൗദി സന്ദർശിക്കാനുമുള്ള സൗകര്യത്തോടെയാണ് അതിർത്തി വികസിപ്പിച്ചത്.
ബലിപെരുന്നാളും വേനലവധിയും ആരംഭിച്ചതോടെ വൈവിധ്യമാർന്ന പരിപാടികൾക്കാണ് ജൂലൈയിൽ ഖത്തർ വേദിയായത്. ഇൻഡോർ വിനോദ പരിപാടികൾ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ സമ്മർ ഫെസ്റ്റിവൽ, മാൾ ഓഫ് ഖത്തറിലെ ആഫ്രിക്കൻ സർക്കസ് എന്നിവ അവയിൽ ചിലതായിരുന്നു. ഖത്തർ ടൂറിസും നേതൃത്വത്തിൽ 'സമ്മർ ഇൻ ഖത്തർ' എന്ന പേരിലും വിവിധ പരിപാടികൾ നടന്നു.
2017 ജൂലായിൽ 1.07 ലക്ഷം പേരായിരുന്നു ഖത്തറിലെത്തിയത്. അടുത്ത വർഷം 1.38 ലക്ഷമായും 2019ൽ 1.45 ലക്ഷമായും ഉയർന്നു. എന്നാൽ കോവിഡ് വെല്ലുവിളി ഉയർത്തിയ അടുത്ത വർഷങ്ങളിൽ കുത്തനെ കുറഞ്ഞു. 2020ൽ രണ്ടായിരം മാത്രമായിരുന്നു സന്ദർശകർ. 2021ൽ ഇത് 38,000വും ആയി. ഇപ്പോൾ കോവിഡ് നിയന്ത്രണ വിധേയമാവുകയും യാത്ര മാനദണ്ഡങ്ങളിൽ ഇളവുവരുകയും ചെയ്തതോടെ അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ സന്ദർശകരുടെ വരവിൽ കാര്യമായ വർധനയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

