റെക്കോഡ് സന്ദർശകർ; രണ്ടു ലക്ഷത്തോളം കാണികൾ
text_fieldsഫിഫ അണ്ടർ 17 പോർചുഗൽ -ഓസ്ട്രിയ ഫൈനലിൽനിന്ന്
ദോഹ: ഒരു മാസത്തോളം നീണ്ട കൗമാര ഫുട്ബാൾ മേള കൊടിയിറങ്ങിയപ്പോൾ വൻ സ്വീകാര്യതയാണ് ഖത്തറിന്റെ മണ്ണിൽ ലഭിച്ചത്. ആസ്പയർ സോണിലെ മൈതാനങ്ങളും ഫാൻ സോണുകളും ഒരു കാർണിവലിന്റെ പ്രതീതിയായിരുന്നു ആരാധകർക്കായി സൃഷ്ടിച്ചത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമായാണ് ടൂർണമെന്റ് എത്തിയത്. ആസ്പയർ സോണിൽ എട്ട് മൈതാനങ്ങൾ അടക്കം ആകെ 104 മത്സരങ്ങളാണ് നടന്നത്. 15 മത്സര ദിവസങ്ങളിലായി ആകെ രണ്ടു ലക്ഷത്തോളം കാണികളെയാണ് ഖത്തർ വരവേറ്റത്.
ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരത്തിനു മുന്നോടിയായി ലോകകപ്പിൽ
പങ്കെടുത്ത ടീമുകളുടെ പതാക പ്രദർശിപ്പിച്ചപ്പോൾ
ടൂർണമെന്റിൽ കേന്ദ്രീകൃത ഹോസ്റ്റിങ് സംവിധാനിച്ച് ആസ്പയർ സോണിലെ മൈതാനങ്ങൾ വേദിയായപ്പോൾ ഒരു ദിവസം എട്ടു മത്സരങ്ങൾ വരെ കാണാൻ ഫുട്ബാൾ ആരാധകർക്ക് സാധിച്ചു. കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവകളിക്കാർക്ക് പരസ്പരം ഇടപഴകാനും അവസരം ലഭിച്ചു.
ഖത്തറിന്റെ ആതിഥേയ മികവ് വീണ്ടും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതായിരുന്നു ടൂർണമെന്റ് സംഘാടനം. ആസ്പയർ സോണിൽ സജ്ജീകരിച്ച ഫാൻ സോണിൽ നിരവധി സാംസ്കാരിക പരിപാടികളും അരങ്ങേറി. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കിയത്. വേദിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കുകയും ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.
അണ്ടർ 17 ലോകകപ്പിലെ ഏറ്റവും വലിയ വിജയം ഗ്രൂപ്പു ഘട്ടത്തിൽ ന്യൂ കാലിഡോണിയക്കെതിരെ മൊറോക്കോ നേടിയത് എടുത്തു പറയേണ്ടതാണ്. 16 ഗോളിന് മിന്നുന്ന വിജയം മൊറോക്കോ നേടിയപ്പോൾ, ന്യൂസിലൻഡിനെതിരെ സ്പെയിനിന്റെ 13-0 വിജയം ഓർമയായി. മുൻ ചാമ്പ്യന്മാരായ ജർമനിയെ ബുർകിന ഫാസോ അട്ടിമറിച്ചതാണ് പ്രധാന വിജയങ്ങളിലൊന്ന്. ലോകകപ്പിലെ ഒരു മത്സരവും പ്രവചനാതീതമാണെന്ന വസ്തുതക്ക് അടിവരയിടുന്നതായിരുന്നു ആ വിജയം. ആതിഥേയരായ ഖത്തർ, സൗദി, യു.എ.ഇ അടക്കമുള്ളവർ ഗ്രൂപ് ഘട്ടത്തിൽതന്നെ കളി അവസാനിപ്പിച്ചപ്പോൾ, കരുത്തരായ അർജന്റീന ജർമനി, കൊളംബിയ, ക്രൊയേഷ്യ എന്നിവർ നോക്കൗട്ടിൽ പരാജയപ്പെട്ട് പുറത്തായി. പോർചുഗലിനോട് കരുത്തരായ ബ്രസീലിനും ഓസ്ട്രിയയോട് ഇറ്റലിക്കും സെമിയിൽ അടിയറവ് പറയേണ്ടി വന്നു.
27 റഫറിമാരും 54 അസിസ്റ്റന്റ് റഫറിമാരുമടക്കം 81 പേരടങ്ങുന്ന ഒഫിഷ്യൽസാണ് ടൂർണമെന്റ് നിയന്ത്രിച്ചത്. ഫുട്ബാൾ വിഡിയോ സപ്പോർട്ട് (എഫ്.വി.എസ്) സംവിധാനം ടൂർണമെന്റിൽ ഒരുക്കിയിരുന്നു. മാച്ച് ഒഫിഷ്യൽസിനെ പിന്തുണക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഒരു മാർഗമെന്ന നിരന്തര ആവശ്യങ്ങളെ തുടർന്നാണ് എഫ്.വി.എസ് വികസിപ്പിച്ചത്.
ലോകകപ്പിന്റെ സംഘാടനം ഖത്തറിന്റെ സമ്പന്നമായ കായിക പാരമ്പര്യത്തിലെ മറ്റൊരു നാഴികക്കല്ലാണെന്നും ഇത് ആഗോള കായിക തലസ്ഥാനമെന്ന ഖത്തറിന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നെന്നും ടൂർണമെന്റ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
കിരീടം സ്വന്തമാക്കിയ പോർചുഗലിന് അഭിനന്ദിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, 48 രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ അണ്ടർ 17 ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ചതായും പറഞ്ഞു. ഖത്തർ മികച്ച രീതിയിൽ ആതിഥേയത്വമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

