റാസ്‌ലഫാൻ ദുരന്തം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsറാസ്‌ലഫാൻ സ്ഫോടനത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലയക്കാൻ കൊണ്ടുപോകുന്നു
ദോഹ: റാസ്‌ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ദ്രവീകൃത പ്രകൃതി വാതക പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് 7.40ന് ഖത്തറിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് വടകര തൂണേരി വെള്ളൂർ സ്വദേശി അർജുന്റെ മൃതദേഹം കൊണ്ടുവന്നത്. തമിഴ്നാട്ടിൽനിന്നുള്ള മൂന്നുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലേക്കും അയച്ചു.
മറ്റുള്ളവരുടെ ഭൗതികശരീരങ്ങൾ സമയക്രമം അനുസരിച്ച് വെള്ളിയാഴ്ചത്തെ വിവിധ സർവിസുകളിലായി നാട്ടിലയക്കും. ഭൗതികശരീരങ്ങൾ ജന്മനാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി അടിയന്തര നടപടികൾ പൂർത്തിയാക്കി. പ്രവാസി സമൂഹം നടുക്കത്തോടെ ശ്രവിച്ച ഈ ദുരന്തം നടന്ന നിമിഷം മുതൽ, ഇന്ത്യൻ എംബസിയുടെയും ഐ.സി.ബി.എഫിന്റെയും പ്രതിനിധികൾ ഖത്തറിലെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുമായും കമ്പനി മാനേജ്‌മെന്റുമായും നിരന്തരം സമ്പർക്കം പുലർത്തിവരികയായിരുന്നു.
ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും ഔദ്യോഗിക രേഖകളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഇരു വിഭാഗവും മുന്നിൽനിന്ന് പ്രവർത്തിച്ചു. 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

