റാസ് അബ്രൂഖ് ഡെസർട്ട് ആക്ടിവേഷൻ സമാപിച്ചു
text_fieldsറാസ് അബ്രൂഖ് ഡെസർട്ട് ആക്ടിവേഷൻ
ദോഹ: രണ്ടുമാസം സന്ദർശകർക്ക് ആവേശം പകർന്ന് മരുഭൂമിയിലെ പുത്തനനുഭവങ്ങൾ സമ്മാനിച്ച വിസിറ്റ് ഖത്തറിന്റെ റാസ് അബ്രൂഖ് ഡെസർട്ട് ആക്ടിവേഷന് തിരശ്ശീല വീണു. 2024 ഡിസംബർ 18 മുതൽ 2025 ഫെബ്രുവരി 15 വരെ നീണ്ടുനിന്ന റാസ് അബ്രൂഖ് സന്ദർശിക്കാൻ 55,000ത്തിലധികം പേർ എത്തിയതായി വിസിറ്റ് ഖത്തർ അറിയിച്ചു.
ഖത്തറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് യുനെസ്കോയുടെ സംരക്ഷിത പ്രദേശമായ അൽ റീം ബയോസ്ഫിയർ റിസർവിന്റെ മനോഹരമായ പശ്ചാത്തലത്തിൽ സാഹസികത, വിശ്രമം, സാംസ്കാരിക അനുഭവങ്ങൾ എന്നിവയുടെ ആഘോഷം വൻ വിജയമായിരുന്നെന്ന് വിസിറ്റ് ഖത്തർ പ്രസ്താവിച്ചു.പ്രകൃതിയും സംസ്കാരവും വിനോദവും സംഗമിക്കുന്ന പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് താമസക്കാരും പൗരന്മാരുമടക്കം നിരവധി പേർ ഒഴുകിയെത്തിയതിനെതുടർന്ന് ജനുവരി 18ന് അവസാനിക്കേണ്ടിയിരുന്ന പരിപാടി ഫെബ്രുവരി 15 വരെ ദീർഘിപ്പിക്കുകയായിരുന്നു.
സംസ്കാരവും വിനോദവും പ്രകൃതിയും സമന്വയിപ്പിച്ചുള്ള മരുഭൂമി അനുഭവത്തിന് ലഭിച്ച അവിശ്വസനീയമായ സന്ദർശകരുടെ പ്രതികരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വിസിറ്റ് ഖത്തർ ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽസ് ഡയറക്ടർ എൻജി. അഹ്മദ് ഹമദ് അൽ ബിനലി പറഞ്ഞു.
ഗെർല ഇറ്റാലിയൻ കോഫി, ചോക്ലേറ്റ് ഷോപ്പ്, ബ്ലൂ റിബൺ ഗാലറി, റാസ് അബ്രൂഖ് നേച്വർ റൈഡ്, കുതിര സവാരി, ഒട്ടക സവാരി, കിഡ്സ് ഗെയിമുകൾ, അൽ ഹോഷ് ഖത്തരി മജ്ലിസ് തുടങ്ങിയവയുമായി ഫിലിം സിറ്റിയും ഹ്യൂമോയിലെ നക്ഷത്രങ്ങൾക്ക് കീഴിലെ അത്താഴവിരുന്നൊരുക്കിയും ഹോട്ട് എയർ ബലൂണുകളിലേറിയുള്ള റെയിഡുകളുമായി ഡെസർട്ട് എസ്കേപ്പും റാസ് അബ്രൂഖിന് മിഴിവേകി. 10 റിയാൽ മാത്രമായിരുന്നു പ്രവേശന ഫീസ്. സന്ദർശകർക്ക് സൗജന്യമായി നിരവധി വിനോദ പ്രവർത്തനങ്ങളുമുണ്ടായിരുന്നു. ദോഹയിൽനിന്ന് ഒന്നരമണിക്കൂർ ഡ്രൈവ് ചെയ്ത് 100 കിലോമീറ്റർ പിന്നിട്ടാലെത്തുന്ന റാസ് അബ്രൂഖ് സന്ദർശകരുടെ വാരാന്ത്യ സന്ദർശന കേന്ദ്രമായി വേഗത്തിൽ മാറുകയായിരുന്നു.
പുതുമയേറിയ ഇത്തരം പരിപാടികളിലൂടെ പുരാവസ്തു കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിലപ്പുറം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിച്ച് സമ്പദ് വ്യവസ്ഥക്കുള്ള സംഭാവന വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഭാവിയിൽ വരാനിരിക്കുന്ന നിരവധി ആവേശകരമായ പരിപാടികളുടെ തുടക്കം മാത്രമാണിതെന്നും അൽബിനലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

