വളർന്നു പന്തലിക്കട്ടെ അപൂർവ വൃക്ഷങ്ങൾ
text_fields‘പത്തുലക്ഷം മരങ്ങൾ’ പദ്ധതിയുടെ ഭാഗമായി ഖത്തറിലെ തുർക്കി അംബാസഡർ മരം നടുന്നു
ദോഹ: രാജ്യത്ത് കൂടുതൽ ഹരിത മേഖലകൾ രൂപപ്പെടുത്തുന്നതിെൻറ ഭാഗമായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും അപൂർവ ഇനങ്ങളിൽ പെട്ടതുമായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി ഊർജിതമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വിഭാഗം അപൂർവ ഇനങ്ങളിൽപെട്ട വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വിശാലമായ പദ്ധതിതന്നെ തയാറാക്കിയിട്ടുണ്ടെന്ന് സെക്ഷൻ മേധാവി അലി സാലിഹ് അൽ മർരി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി എല്ലാ അപൂർവയിനം വൃക്ഷങ്ങളും പ്രധാനപ്പെട്ട സസ്യജാലങ്ങളും സംരക്ഷിത വലയത്തിൽ നട്ടുപിടിപ്പിക്കും. എല്ലാ കടന്നുകയറ്റങ്ങളിൽനിന്നും അവയെ വേലിതിരിച്ച് സംരക്ഷിക്കുമെന്നും അലി സാലിഹ് അൽ മർരി വ്യക്തമാക്കി.പ്രകൃതിയൊരുക്കുന്ന പരിസ്ഥിതിയിലൂടെ വൃക്ഷങ്ങൾ വളരുന്നതിനാവശ്യമായ കൃത്യമായ ജലസേചനത്തിനുള്ള സംവിധാനവും ഇവിടെ സജ്ജമാക്കും. ഉം തഖാഹിനടുത്ത് റൗദത് അൽ സീജിൽ വനവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ വിഭാഗം ഈയിടെ പ്രത്യേക കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
അൽ അബാൽ, അൽ ഗാദ, അൽ റാംത്, അൽ മറാഖ്, അൽ അർഫാജ്, അൽ ജാദ് തുടങ്ങിയ അപൂർവയിനം വൃക്ഷങ്ങൾ കാമ്പയിെൻറ ഭാഗമായി നട്ടുപിടിപ്പിക്കുകയും ചെയ്തു. നിരവധി വർഷങ്ങൾക്കു മുമ്പ് ഖത്തറിൽ സർവസാധാരണയായി കാണപ്പെട്ടിരുന്ന അൽ അബാൽ, അൽ ഗാസ തുടങ്ങിയ വൃക്ഷങ്ങൾ ഈയടുത്ത് പ്രത്യേക സംരക്ഷിത പ്രദേശത്തുനിന്നും കണ്ടെടുക്കുകയും കാമ്പയിെൻറ ഭാഗമായി അവ വീണ്ടും നട്ടുപിടിപ്പിക്കുകയും ചെയ്തതായി വന്യജീവി വിഭാഗം മേധാവി താലിബ് ഖാലിദ് അൽ ഷഹ്വാനി പറഞ്ഞു.
2022ഒാടെ രാജ്യത്തെ പച്ചപ്പുള്ള ഭാഗങ്ങൾ 10 മില്യൻ സ്ക്വയർ മീറ്റർ ആക്കാനുള്ള യത്നത്തിലാണ് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. 2022ഒാടെ ആകെ 240 ശതമാനം ഭാഗം പച്ചപുതക്കും. റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവത്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയുടെ കീഴിലാണ് ഇതിെൻറ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി 10 മില്യൻ സ്ക്വയർ മീറ്ററിൽ മരങ്ങളാണ് നടുന്നത്. ലെഗ്തയ്ഫിയ, ബൂഹയ്റ, ഒനൈസ, അൽ മർകിയ സ്്ട്രീറ്റുകൾ എന്നിവിടങ്ങളിൽ കമ്മിറ്റിയുടെ കീഴിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടക്കുന്നുണ്ട്.
അൽഖഫ്ജി, അൽജമിഅ, അറബ് ലീഗ് തുടങ്ങിയ രാജ്യത്തെ വിവിധ മേഖലകളിലും വിവിധ പ്രവൃത്തികൾ നടക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ട് ആഗോളകാമ്പയിെൻറ ഭാഗമായാണ് ഖത്തറിനെയും കൂടുതൽ ഹരിതവത്കരിക്കുന്നത്. ഖത്തരി പരിസ്ഥിതിക്ക് യോജിച്ച പ്രാദേശിക മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. ശുദ്ധീകരിച്ച ജലമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഉപയോഗിച്ച ജലം വലിയ അളവില്‍ ഖത്തറിനുണ്ട്. രണ്ടുഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തില്‍ മരങ്ങള്‍ക്കും ചെടികള്‍ക്കുമായി ബൃഹദ് നഴ്സറി സ്ഥാപിക്കലാണ്. രണ്ടാംഘട്ടത്തില്‍ ഇവയില്‍ നിന്നുള്ള മരങ്ങളും ചെടികളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കും. പത്തുലക്ഷം മരങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്കൂളുകളുടെയും മറ്റു മേഖലകളുടെയും പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തും. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ളവയുടെ പ്രത്യാഘാതങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഈ പദ്ധതി വലിയ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

