തൊഴിലാളികളുടെ ആഘോഷവുമായി രംഗ് തരംഗ്
text_fieldsഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം ‘രംഗ് തരംഗ്’ സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷാനവാസ് ബാവ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ ഉത്സവവുമായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) രംഗ് തരംഗ്. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷം മേയ് ഒമ്പതിന് ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കുമെന്ന് ഐ.സി.ബി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ നടക്കുന്ന ആഘോഷ പരിപാടിയിൽ ഖത്തറിലെ ദീർഘകാല തൊഴിലാളികളായ 20 ഇന്ത്യൻ പ്രവാസികളെ ആദരിക്കുമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു. മേയ് ഒമ്പതിന് വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ എട്ടായിരം മുതൽ 10,000 വരെ പ്രവാസി ഇന്ത്യക്കാർ പങ്കെടുക്കും.
വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യമന്ത്രാലയം, തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ.എൽ.ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എൻ.എച്ച്.ആർ.സി) എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.
ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് 1984ൽ ആരംഭിച്ച അപെക്സ് സംഘടനയായ ഐ.സി.ബി.എഫ് കഴിഞ്ഞ വർഷമാണ് ഒരു വർഷം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ 40ാം വാർഷികം ആഘോഷിച്ചിരുന്നു. ഐ.സി.ബി.എഫിനുകീഴിലെ അസോസിയേറ്റഡ് ഓർഗനൈസേഷനിലെ കലാകാരന്മാരും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കലാകാരന്മാരും നൃത്ത പരിപാടികളും മറ്റും അവതരിപ്പിക്കും.ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, അംഗങ്ങളായ നിർമല ഗുരു, ഖാജ നിസാമുദ്ദീൻ, മണി ഭാരതി എന്നിവർ പങ്കെടുത്തു.
ലേബർ ക്യാമ്പ് സന്ദർശനവുമായി ഐ.സി.ബി.എഫ്
ദോഹ: 41ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഐ.സി.ബി.എഫ് ഈ വർഷം മുതൽ തൊഴിലാളി ക്യാമ്പുകളിലേക്കും സന്ദർശനത്തിനെത്തും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഐ.സി.ബി.എഫ് പ്രതിനിധികളും ഉൾപ്പെടെയുള്ള സംഘം എല്ലാ മാസങ്ങളിലുമായി ക്യാമ്പുകളിലെത്തി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചറിയും.
മേയ് മാസത്തിൽ തുടങ്ങുന്ന സന്ദർശനം പിന്നീട് രണ്ടാഴ്ചയിലൊരിക്കൽ എന്ന നിലയിൽ വർധിപ്പിക്കാനാണ് ആസൂത്രണം ചെയ്യുന്നത്. ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ, ഷമാൽ തുടങ്ങി രാജ്യത്തിന്റെ ഭാഗങ്ങളിലായി ക്യാമ്പ് സന്ദർശനം നടത്തും. തൊഴിലാളികൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനും പരാതികൾ ബോധ്യപ്പെടുത്താനും അവസരം നൽകുന്നതിനൊപ്പം, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ശ്രമിക്കുമെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു. എല്ലാ മാസങ്ങളിലുമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന ഐ.സി.ബി.എഫ് കോൺസുലാർ ക്യാമ്പിന് പുറമെയാണ് തൊഴിലാളി ക്യാമ്പുകളിലേക്കുള്ള സന്ദർശനവും നടത്തുന്നത്.
20 തൊഴിലാളികൾക്ക് ആദരവ്
ദോഹ: ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം രംഗ്തരംഗിന്റെ ഭാഗമായി ദീർഘകാല പ്രവാസികളായ 20 പേരെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.30 വർഷത്തിൽ കൂടുതൽ കാലം ഖത്തറിൽ പ്രവാസികളായ തൊഴിലാളി വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് അംബാസഡർ ഉൾപ്പെടെ പ്രമുഖർ അതിഥികളായ ചടങ്ങിൽ ആദരിക്കുന്നത്.
ഇതിനകം 200ഓളം അപേക്ഷകൾ ലഭിച്ചതായി പ്രസിഡന്റ് അറിയിച്ചു. മേയ് ഒന്ന് വ്യാഴാഴ്ച രജിസ്ട്രേഷൻ അവസാനിക്കും.തിരഞ്ഞെടുക്കുന്ന അർഹരായ 20 പേരെയാവും ചടങ്ങിൽ ആദരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 66262477, 70462114 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

