ദോഹ: വിശുദ്ധ റമദാൻ പ്രമാണിച്ച് സ്വദേശികൾക്ക് ആടുകളെ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള നടപടികൾ സാമ്പത്തിക വാണിജ്യ മന്ത്രാലയം ആരംഭിച്ചു.
ഈ മാസം 13 മുതൽ റമദാൻ അവസാനം വരെയാണ് ന്യായവിലക്ക് ആടുകളെ ലഭിക്കുക. അഖൽ മിൻ അൽ വാജിബ് എന്ന പ്രമേയത്തിൽ റമദാൻ മാസത്തിൽ സാമ്പത്തിക വാണിജ്യമന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് വില കുറച്ച് ആടുകളെ സ്വദേശികൾക്ക് ലഭ്യമാക്കുകയെന്ന സംരംഭവും.
വിദാം ഫുഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒറിജിനൽ പൗരത്വ കാർഡ് ഹാജരാക്കുന്ന ഓരോ പൗരനും രണ്ട് ആട് എന്ന ഇനത്തിലാണ് പദ്ധതി. 40 കിലോ ഭാരമുള്ള സിറിയൻ ആടിന് 950 റിയാൽ നിരക്കിലും 35 കിലോ ഭാരമുള്ള ഇറാനിയൻ ആടിന് 650 റിയാൽ നിരക്കിലൂമാണ് നൽകുന്നത്. 30 കിലോ ഭാരമുള്ള നാടന്‍ 1050 റിയാലാണ് വില. ഈ വിലക്കു പുറമേ, അറവു കൂലിയായി 16 റിയാലും പാക്കറ്റാക്കുന്ന തൊഴിലാ ളികൾക്ക് ഒരു ആടിന് 34 റിയാലും അധികമായി നൽകണം.