നോമ്പുതുറക്കാൻ എത്തുന്നവർക്ക് പുത്തൻ കാറടക്കമുള്ള സമ്മാനങ്ങൾ നൽകുന്ന പള്ളി. ദോഹ അൽവാബിലെ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ഇബ്നു ജാസിം ആൽഥാനി പള്ളിയാണ് വിലപിടിച്ച സമ്മാനങ്ങളുമായി നോമ്പുകാരെ കാത്തിരിക്കുന്നത്. ദിനേനയുള്ള നറുക്കെടുപ്പിൽ മൊബൈൽ ഫോണടക്കമുള്ള സമ്മാനങ്ങൾ വേറെയുമുണ്ട്.
മഗ്രിബ് ബാങ്ക് വിളിക്കുേമ്പാൾ വെള്ളവും ഇൗത്തപ്പഴവും. നമസ്കാരത്തിന് ശേഷമാണ് പള്ളിക്ക് തൊട്ടുമുന്നിലുള്ള ടെൻറിലേക്ക് പോവേണ്ടത്. വിശാലമായ ടെൻറിൽ എല്ലാം സജ്ജം. ഒാരോരുത്തർക്കുമുള്ള ഇരിപ്പിടത്തിൽ ബിരിയാണി, മജ്ബൂസ്, വെള്ളം, ജ്യൂസ്, മധുരപലഹാരം എന്നിവ ഉണ്ടാകും. കൂടെ ചെറിയ കൂപ്പണും. ആദ്യം തന്നെ എല്ലാവരും കൂപ്പൺ പോക്കറ്റിലാക്കും. അതിലാണല്ലോ വൻ സമ്മാനം കാത്തിരിക്കുന്നത്. താമസിച്ചെത്തുന്നവർക്ക് വരി നിന്ന് കൂപ്പണുകൾ കൈപ്പറ്റാം.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയാലാണ് പള്ളിയുടെ മുഖ്യകവാടത്തിൽ നറുക്കെടുപ്പ് നടക്കുക. മൈക്കിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ട കൂപ്പൺനമ്പർ വിളിച്ചുപറയുക. വിജയി അവിടെ ഇല്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. അപ്പോൾ തന്നെ മൊബൈൽ, ടാബ് പോലുള്ള സമ്മാനം കൈമാറും. റമദാൻ അവസാന ദിവസമാണ് ബമ്പർ നറുക്കെടുപ്പ് നടത്തുക. വിജയിയെ കാത്തിരിക്കുന്നത് പുതുപുത്തൻ നിസാൻ സണ്ണി കാറാണ്.

കാർ പള്ളിമുറ്റത്ത് നിർത്തിയിട്ടിട്ടുമുണ്ട്. ചില ദിവസങ്ങളിൽ 500 റിയാൽ വീതം അഞ്ചുപേർക്കാണ് സമ്മാനം. പിറ്റേന്ന് മുതൽ വൻതിരക്കായിരുന്നു പള്ളിയിൽ. ഏതായാലും അടുത്ത ബന്ധുക്കൾ വരെ നോമ്പുതുറക്കാൻ ക്ഷണിച്ചിട്ടും ചിലർ അൽവാബി പള്ളിയെ വിടുന്നില്ല. ഏത് ദിവസമാണ് സമ്മാനം അടിക്കുകയെന്ന് അറിയില്ലല്ലോ...