റമദാൻ ഒരുക്കങ്ങൾ പൂർണം
text_fieldsഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അധികൃതർ വാർത്തസമ്മേളനത്തിൽ
ദോഹ: ഖുർആൻ പഠനം, പ്രബോധനം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ റമാദാൻ പ്രവർത്തന പരിപാടികളുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. അനുസരണവും പാപമോചനവും എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഖുർആൻ പഠന പ്രവർത്തനങ്ങൾ, പള്ളി സേവനങ്ങൾ, സകാത് ശേഖരണം തുടങ്ങിയ പദ്ധതികൾ റമദാൻ മാസത്തിൽ ഔഖാഫിന്റെ നേതൃത്വത്തിൽ നടക്കും. ഇമാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പള്ളിയിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗനിം ആൽഥാനി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളിലായി നടപ്പാക്കുന്ന നോമ്പർമാർക്കുള്ള ഇഫ്താർ പദ്ധതി 3.6 ലക്ഷം പേർക്ക് സേവനം നൽകുന്ന രീതിയിൽ വിപുലീകരിക്കും. കൂടാതെ അർഹരായ കുടുംബങ്ങൾക്കായി ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യും. റമദാനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, പണ്ഡിത സെമിനാറുകൾ എന്നിവയും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സകാത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. റമദാൻ മാസത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മസ്ജിദ് വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ബിൻ അബ്ദുൽ ലത്തീഫ് അൽ മഹ്മൂദ് വിശദീകരിച്ചു. രാജ്യത്തുടനീളമുള്ള പള്ളികൾ തറാവീഹ്, ഖിയാമു ലൈൽ നമസ്കാരങ്ങൾക്കായി പൂർണമായും ഒരുങ്ങി. പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ ഇമാമുമാരെയും നിയോഗിച്ചിട്ടുണ്ട്. റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വിശ്വാസികൾക്കായി പ്രത്രേക ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
റമദാൻ പരിപാടികളുടെ ഭാഗമായി 100 മതപ്രഭാഷണങ്ങൾ, പള്ളികളിൽ ഖുർആൻ പാരായണ പരിപാടികൾ, മറ്റ് ദൈനംദിന മത്സരങ്ങൾ, അറബി ഇതര ഭാഷ സംസാരിക്കുന്നവർക്കായി വിപുലമായ ആശയവിനിമയത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റമദാനിന് മുന്നോടിയായി 12 പുതിയ പള്ളികൾ തുറക്കുകയും പള്ളികളിൽ സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പള്ളികളിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻജിനീയറിങ് ടീം സജ്ജമാണെന്നും ഔഖാഫ് മന്ത്രാലയത്തിലെ പ്രതിനിധികൾ അറിയിച്ചു. വിശ്വാസപരമായ മൂല്യങ്ങൾ വളർത്തുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനുമായി സമഗ്രമായ ഒരുക്കങ്ങളാണ് മന്ത്രാലയം പൂർത്തിയാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

