റമദാൻ: സബ്സിഡി നിരക്കിൽ ആട്ടിൻ മാംസവും
text_fieldsദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ‘വിഡാം ഫുഡ്’ കമ്പനിയുടെയും സഹകരണത്തോടെ റമദാനിൽ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ആട്ടിൻ മാംസം ലഭ്യമാക്കാൻ നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. പ്രാദേശിക ഉൽപാദനം പ്രോത്സാഹിപ്പിക്കുകയും ന്യായവിലക്ക് മാംസം ലഭ്യമാക്കുകയുമെന്ന ലക്ഷ്യം മുൻനിർത്തി ആരംഭിക്കുന്ന സംരംഭത്തിന് ബുധനാഴ്ച തുടക്കം കുറിച്ചു. റമദാൻ അവസാനിക്കുന്നത് വരെ ഇത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
വിപണിയിലെ വിലസ്ഥിരത നിലനിർത്തുന്നതിന് വിതരണവും ആവശ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകകൂടിയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
വിഡാമുമായുള്ള കരാർ പ്രകാരം ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ 30,000 ആടുകളെ കുറഞ്ഞ വിലക്ക് പൗരന്മാർക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിഡാമിന്റെ ഇലക്ട്രോണിക് ആപ് വഴി രജിസ്റ്റർ ചെയ്താണ് ആടിനായി സമീപിക്കേണ്ടത്. ഓരോ വ്യക്തിക്കും ഐ.ഡി കാർഡ് ഉപയോഗിച്ച് അൽഖോർ, അൽ ഷമാൽ, ഉംസലാൽ, അൽ വക്റ, അൽ ഷഹാനിയ എന്നിവിടങ്ങളിലെ വിഡാമിന്റെ കച്ചവട സ്ഥാപങ്ങളിലെത്തി രണ്ടെണ്ണം വീതം വാങ്ങാനുള്ള അവസരമാണ് മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.
സബ്സിഡി പ്രകാരം 30 കിലോഗ്രാമോ അതിൽ കൂടുതലോ ഉള്ള പ്രാദേശിക ആടിന്റെയും ഇറക്കുമതി ചെയ്ത ആടിന്റെയും വില ആയിരം റിയാലായിരിക്കും.
ഉപഭോക്താക്കളായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും വിഭാഗങ്ങളായി തിരിച്ച് ടെന്റ് സൗകര്യം വിഡാം ഉറപ്പുവരുത്തും. അതേസമയം, ആടുകളുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും വിൽപന കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ വിവിധ ആശയവിനിമയ സംവിധാനങ്ങൾ വഴി അധികൃതരെ അറിയിക്കാൻ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

