വിടപറയുന്ന റമദാൻ; വിങ്ങുന്ന ജനങ്ങളും
text_fieldsകരുണയുടെയും പാപമോചനത്തിന്റെയും തണൽ തേടിയെത്തിയ റമദാൻ തിരിച്ചു യാത്ര തുടങ്ങാനിരിക്കുകയാണ്. പ്രത്യാശയുടെയും ആത്മീയതയുടെയും സന്ദേശവുമായി എത്തിയ ഈ പുണ്യമാസം പക്ഷേ ഇത്തവണ കടന്നുപോകുന്നത് അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും കരിനിഴലിലാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് അധികാരമോഹങ്ങളും മേൽക്കോയ്മക്കു വേണ്ടിയുള്ള പോരാട്ടങ്ങളും നിരപരാധികളായ മനുഷ്യരുടെ ജീവിതം തകർത്തെറിയുമ്പോൾ, ഈ നോമ്പുകാലം നമുക്ക് കേവലം ഒരു ആരാധനാക്രമം മാത്രമല്ല, വലിയൊരു വേദനയുടെ പര്യായം കൂടിയാവുന്നു.
വിശപ്പിന്റെയും ദാഹത്തിന്റെയും വിലയറിഞ്ഞ് മനസ്സിനെ പാകപ്പെടുത്താനാണ് നോമ്പ് നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഇന്ന് അനേകം മനുഷ്യർ അറിഞ്ഞുകൊണ്ടുള്ള വ്രതത്തിലല്ല, മറിച്ച് യുദ്ധം അടിച്ചേൽപ്പിച്ച മുഴുപ്പട്ടിണിയിലാണ്. അധികാരക്കസേരകൾക്ക് വേണ്ടിയുള്ള പോരുകളിൽ സാധാരണക്കാരുടെ സ്വപ്നങ്ങളും നാളെ എന്ന പ്രതീക്ഷയും അസ്തമിച്ചുകൊണ്ടിരിക്കുന്നു. പ്രവാസത്തിന്റെ മണ്ണിലിരുന്ന് ദൂരെയെവിടെയോ കേൾക്കുന്ന ഈ വിലാപങ്ങൾ കാണുമ്പോൾ ഏതൊരു ഹൃദയമാണ് നൊമ്പരപ്പെടാത്തത് ?
നിരാശയുടെ ഈ ഇരുളിലും കഴിഞ്ഞുപോയ റമദാനുകൾ എനിക്ക് നൽകുന്നത് നിറമുള്ള ഓർമകളാണ്. പ്രവാസലോകത്തെ നോമ്പുകാലം എന്നും സ്നേഹത്തിന്റെ വലിയൊരു കൂട്ടായ്മയായിരുന്നു. ഒന്നു മുതൽ മുപ്പതു വരെ നീളുന്ന ഇഫ്താർ സംഗമങ്ങൾ, പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള കെട്ടിപ്പിടുത്തങ്ങൾ, സ്നേഹത്തോടെ പങ്കുവെക്കുന്ന വിഭവങ്ങൾ... അവയെല്ലാം അടുത്ത ഒരു വർഷത്തേക്കുള്ള സന്തോഷങ്ങൾ ഹൃദയത്തിൽ കരുതിവെക്കാനുള്ള ഇന്ധനമായിരുന്നു. കുട്ടിക്കാലം മുതലേ കൂടെയുള്ള നോമ്പോർമകളുടെ ഭാണ്ഡക്കെട്ടിൽ ഈ സന്തോഷങ്ങൾ കൂടെ കുത്തിനിറച്ചാണ് ഓരോ റമദാനിനെയും നാം യാത്ര അയച്ചിരുന്നത്.
എന്നാൽ, ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണ്. ചുറ്റുമുള്ള ലോകത്തിന്റെ വേദനകൾക്കിടയിൽ ആ പഴയ ഓർമകളെ തൊട്ടും മണത്തും കാലം നീക്കുകയാണ് നാം. നഷ്ടപ്പെട്ടുപോയ സമാധാനവും സുരക്ഷിതത്വവും തിരികെ വരുമെന്ന പ്രതീക്ഷയോടെ, ഓർമകളുടെ തണലിൽ ഈ നോമ്പുകാലം കടന്നുപോകുന്നു. ലോകത്ത് എവിടെയായാലും മനുഷ്യർക്ക് സമാധാനത്തോടെ അത്താഴം കഴിക്കാനും ഭയമില്ലാതെ ഉറങ്ങാനും കഴിയുന്ന ഒരു പുലരിക്കായി നമുക്ക് പ്രാർത്ഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

