റമദാൻ മുന്നൊരുക്കം; പരിശോധനയുമായി പൊതുജനാരോഗ്യ മന്ത്രാലയം
text_fieldsദോഹ: റമദാൻ മാസത്തിൽ ഖത്തറിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി വിപുലമായ പരിശോധനാ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം.
റമദാൻ കാലയളവിൽ ഭക്ഷ്യോൽപന്നങ്ങളുടെ ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. കൂടാതെ, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, ചെറുകിട വിൽപനശാലകൾ തുടങ്ങിയ 2,000 ത്തിലധികം ഔട്ട് ലെറ്റുകളിലാണ് പരിശോധന നടത്തുക.
ഇവിടങ്ങളിൽ ബാധകമായ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾ കർശന പരിശോധന നടത്തും. കര, കടൽ, വ്യോമ അതിർത്തികളിൽ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗം 24 മണിക്കൂറും സജീവമായിരിക്കും.
റമദാനിൽ കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഈത്തപ്പഴം, മാംസം, മധുരപലഹാരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്കും അയക്കും. കൂടാതെ വിപണിയിലെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായി ഭക്ഷ്യോൽപന്നങ്ങളുടെ രജിസ്ട്രേഷൻ, പെർമിറ്റുകൾ, സർട്ടിഫിക്കേഷൻ എന്നിവ വേഗത്തിലാക്കും. ടെന്റുകൾക്കും ഭക്ഷണശാലകൾക്കുമുള്ള അനുമതികൾ, നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വേഗത്തിൽ പൂർത്തിയാക്കും. ഭക്ഷ്യസുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സോഷ്യൽ മീഡിയ കാമ്പയിനും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കും.
ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ജനങ്ങൾക്കിടയിൽ സന്ദേശങ്ങളും ടിപ്സുകളും കാമ്പയിനിലൂടെ പങ്കുവെക്കും. ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിച്ച് പോപ്പുലർ കിച്ചൺ ചുമതലയുള്ളവർക്കായി പ്രത്യേക പരിശീലന പരിപാടികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളും ഉപഭോക്താക്കളും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
ചൊവ്വാഴ്ച മാസപ്പിറവി കണ്ടാൽ അറിയിക്കണം
ദോഹ: ഖത്തറിൽ ബുധനാഴ്ച റമദാൻ വൃതാരംഭം പ്രതീക്ഷിക്കുന്നതിനാൽ ഫെബ്രുവരി 17 ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്.
മാസപ്പിറവി കാണുന്നവർ ദഫ്ന ടവേഴ്സിലെ മന്ത്രാലയത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മഗ്രിബ് നമസ്കാരത്തിനുശേഷം മാസപ്പിറവി നിർണയ സമിതി യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

