ആറിടങ്ങളിൽ പീരങ്കിമുഴക്കം
text_fieldsറമദാനിലെ ആദ്യ നോമ്പ് തുറയുടെ സമയം അറിയിച്ചുകൊണ്ട് കതാറ കൾചറൽ വില്ലേജിലെ പീരങ്കി പൊട്ടുന്നു
ദോഹ: റമദാൻ വരവറിയിച്ചുകൊണ്ട് ചന്ദ്രപ്പിറ തെളിഞ്ഞതിനു പിന്നാലെ വ്രതവും പ്രാർഥനകളും രാത്രിനമസ്കാരങ്ങളുമായി വിശ്വാസികളും സജീവമായി. ആരാധനകൾക്കൊപ്പം പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തന്നെയാണ് ഖത്തറും റമദാനെ വരവേറ്റത്.
ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റമദാനിലെ സവിശേഷകാഴ്ചയായ ഇഫ്താർ സമയം അറിയിച്ചുകൊണ്ടുള്ള പീരങ്കി മുഴക്കം ഇത്തവണയുമുണ്ട്. സാങ്കേതികമായി ലോകം ഏറെ കുതിക്കുമ്പോഴും പഴമയുടെ അടയാളമായാണ് ഈ പീരങ്കി മുഴക്കം തുടർന്നുവരുന്നത്. വൈകുന്നേരങ്ങളിൽ നോമ്പ് തുറ സമയം അറിയിച്ചുകൊണ്ടുള്ള ആ പീരങ്കി ശബ്ദം ഇത്തവണയും ഖത്തറിൽ വിവിധ ഭാഗങ്ങളിലായുണ്ട്.
ശനിയാഴ്ച റമദാൻ ഒന്ന് പൂർത്തിയായതിനു പിന്നാലെ ആദ്യ പീരങ്കി മുഴങ്ങിക്കൊണ്ട് തുടക്കവും കുറിച്ചു. ആറിടങ്ങളിലാണ് ഇത്തവണ ഇഫ്താർ സമയം അറിയിച്ചുകൊണ്ട് പീരങ്കികൾ സജ്ജീകരിച്ചത്.
•സൂഖ് വാഖിഫ്: ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും പ്രിയപ്പെട്ട കേന്ദ്രമായ സൂഖ് വാഖിഫിൽ പീരങ്കി ശബ്ദത്തിന് അവധിയില്ല. ഈസ്റ്റേൺ സ്ക്വയറിലാണ് നൂറുകണക്കിന് പേരെ സാക്ഷിയാക്കി ഇഫ്താർ അറിയിപ്പായി പീരങ്കി പൊട്ടുന്നത്.
•കതാറ കൾചറൽ വില്ലേജ്: സാംസ്കാരികാഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ കതാറ കൾചറൽ വില്ലേജിൽ തെക്കു ഭാഗത്തായി പീരങ്കി സജ്ജീകരിച്ചിരിക്കുന്നു.
•ലുസൈൽ ബൊളെവാഡ്: തുടർച്ചയായി മൂന്നാം വർഷവും ലുസൈൽ ബൊളെവാഡ് പീരങ്കി മുഴക്കവുമായി സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
•ഓൾഡ് ദോഹ പോർട്ട്: കണ്ടെയ്നർ യാഡിലെ മിനാ പാർക്കിലാണ് സന്ദർശകർക്ക് ആസ്വദിക്കാനുള്ള സൗകര്യത്തോടെ പീരങ്കി സൗകര്യപ്പെടുത്തിയത്. നിരവധി സന്ദർശകരാണ് വൈകുന്നേരങ്ങളിൽ ഇത് കാണാനായി പോർട്ടിലെത്തുന്നത്.
•ആസ്പയർ പാർക്ക്: കുടുംബങ്ങൾക്കും സൗഹൃദങ്ങൾക്കുമൊപ്പം നോമ്പ് തുറക്കാൻ തിരഞ്ഞെടുക്കുന്ന ഇടമായ ആസ്പയർ പാർക്കിലും റമദാൻ അറിയിപ്പുമായി പീരങ്കിയുണ്ട്.
•സൂഖ് അൽ വക്റ: സൂഖ് വാഖിഫ് പോലെ പരമ്പരാഗത മാർക്കറ്റായ സൂഖ് അൽ വക്റയിലും സന്ദർശകർക്കും താമസക്കാർക്കും ആസ്വദിക്കാനാവുന്ന വിധം പീരങ്കി സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

