ദോഹ: പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കെ വിശ്വാസികളെ സ്വീകരിക്കുന്നതിനായി പള്ളികളുടെ അറ്റകുറ്റപണികളുടെ അവസാന മിനുക്ക് പണികളിലാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. ഇതുവരെ 1200 പള്ളികളാണ് പണികൾ തീർത്ത് വിശ്വാസികളെ സ്വീകരിക്കാനായി തയ്യാറായിരിക്കുന്നത്. വനിതകൾക്കായി അധിക പള്ളികളിലും പ്രത്യേകം സ്ഥലം തയ്യാറാക്കിയിരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം 65 പുതിയ പള്ളികളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. റമദാന് മുന്നോടിയായി 20 പള്ളികൾ കൂടി നിർമ്മാണം പൂർത്തിയാക്കി കൈമാറുമെന്നും മന്ത്രാലയത്തിലെ മസ്ജിദ് മാനേജ്മെൻറ് വകുപ്പ് തലവൻ മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി പറഞ്ഞു.
റമദാന് മുന്നോടിയായി വകുപ്പിെൻറ തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് മന്ത്രാലയത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളികൾക്കാവശ്യമായ അടിയന്തര പണികൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ശുചീകരണ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. റമദാൻ മാസത്തിലേക്ക് മാത്രമായി 1059 പള്ളികളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സ്വകാര്യ കമ്പനികൾക്ക് 110 മില്യൻ റിയാലിെൻറ കരാർ ടെൻഡർ നൽകിക്കഴിഞ്ഞു.വനിതളുടെ ഭാഗത്തേക്ക് മാത്രമായി വനിതാ ശുചീകരണ ജീവനക്കാരെയും നിയമിക്കും. ഈയടുത്തായി പള്ളികളിലെത്തുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും അൽ കുവാരി അറിയിച്ചു.
മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി റമദാനിൽ പള്ളികൾ ദീർഘനേരം തുറന്നിടും. അസ്ർ നമസ്കാ രത്തിെൻറ അര മണിക്കൂർ മുമ്പ് മുതൽ തറാവീഹ് നമസ്കാരം കഴിഞ്ഞ് അരമണിക്കൂർ വരെ പള്ളികൾ തുറന്നിടും. അവസാന പത്ത് ദിവസങ്ങളിൽ രാത്രികളിലെ ദീർഘനമസ്കാരങ്ങൾക്കായി കൂടുതൽ സമയം തുറന്നിടും. ദോഹയിലെ ഗ്രാൻഡ് മസ്ജിദിലേക്ക് മാത്രമായി അഞ്ച് ഇമാമുമാരെയാണ് നമസ്കാരത്തിന് നേതൃത്വം നൽ കാൻ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.