Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജീരകക്കഞ്ഞിയുടെ...

ജീരകക്കഞ്ഞിയുടെ മണമുള്ള നോമ്പുകാലം

text_fields
bookmark_border
ജീരകക്കഞ്ഞിയുടെ മണമുള്ള നോമ്പുകാലം
cancel

നവൈത്തു സൗമ അദിൻ അൻ ഖളാഇ ഫർദി റമദാന ലില്ലാഹി തആലാ..

റമദാനിലെ ഫർദായ നോമ്പ് നാളെ അല്ലാഹുവിനുവേണ്ടി ഞാൻ അനുഷ്ഠിക്കുന്നുവെന്ന് നിയ്യത്ത് ചൊല്ലിത്തരുന്ന ഉമ്മയുടെ സ്നേഹവും ആത്മീയതയും ചേർന്ന ആ നിമിഷങ്ങൾ. ഓരോ റമദാൻ സമാഗതമാകുമ്പോഴും ആ ഓർമകൾക്ക് പുതുമഴയുടെ ഗന്ധമാണ്.

നാട്ടുവഴികളിലെ പഴയ പെട്ടിക്കടകൾ അന്ന് റമദാനെ വരവേൽക്കുന്നത് മിഠായി ഭരണികളിലൊന്നിൽ നിറച്ചുവെച്ച കാരക്കകളിലൂടെയായിരുന്നു. അന്നത്തെ നോമ്പുതുറയുടെ വിഭവങ്ങൾ ലളിതമായിരുന്നുവെങ്കിലും ആ രുചി മറ്റൊന്നിനുമില്ല. ആ ചില്ലുഭരണികളിലെ കാരക്കയും തണുത്ത വെള്ളത്തിൽ പിഴിഞ്ഞൊഴിച്ച ചെറുനാരങ്ങാനീരും ചേരുമ്പോൾ കിട്ടുന്ന ഒരു ആശ്വാസമുണ്ടല്ലോ അത് കേവലം ദാഹശമനമായിരുന്നില്ല, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മധുരമായിരുന്നു. അടുക്കളയിൽനിന്ന് വീടിന്റെ ഉമ്മറം വരെ പടരുന്ന ജീരകക്കഞ്ഞിയുടെ ആ വശ്യമായ ഗന്ധം അതായിരുന്നു ബാല്യത്തിലെ ഓരോ നോമ്പുകാലത്തിന്റെയും വരവറിയിച്ചിരുന്നത്. ഉമ്മയുടെ 'നോമ്പ് സ്പെഷൽ' വിഭവങ്ങളിൽ ഇന്നും മനസ്സിനെ കൊതിപ്പിക്കുന്നത് ആ ജീരകക്കഞ്ഞിയുടെ മായാത്ത രുചിയാണ്.

പകലിലെ മുഴുവൻ ദാഹവും വിശപ്പും ഒരൊറ്റ സ്പൂൺ കഞ്ഞികുടിക്കുമ്പോൾ അലിഞ്ഞില്ലാതാകും. ജീരകവും തേങ്ങാപ്പാലും ചെറിയ ഉള്ളിയുമൊക്കെ ചേർന്ന് ഉമ്മ തയാറാക്കുന്ന കഞ്ഞിക്ക് വല്ലാത്തൊരു ഔഷധഗുണമുണ്ടായിരുന്നു. കാലങ്ങൾ മാറി, പ്രവാസത്തിന്റെയും തിരക്കുകളുടെയും ഇടയിൽ ഇന്നിപ്പോൾ ഒരുപാട് റമദാൻ വന്നെത്തി.

ആത്മീയതയും പാരമ്പര്യവും ഇഴചേർന്ന ഒരു സാംസ്കാരിക ഉത്സവമാണ് ഖത്തറിലെ ഓരോ റമദാൻ കാലവും. മതഭേദമന്യേ മനുഷ്യർ ഒരേ പന്തിയിൽ ഇരുന്നു നോമ്പുതുറക്കുന്ന കാഴ്ച റമദാനിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. ടെന്റുകളിലും സൗഹൃദ കൂട്ടായ്മകളിലും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾ കേവലം ഭക്ഷണം കഴിക്കാനുള്ള വേദിയല്ല. മറിച്ച്, അത് ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്ന സ്നേഹത്തിന്റെ വിരുന്നാണ്.

വർഷങ്ങൾക്കിപ്പുറവും മാധ്യമപ്രവർത്തനത്തിന്റെ ഓർമപുസ്തകത്തിൽ ഏറ്റവും തിളക്കത്തോടെ നിൽക്കുന്ന ഒരു വൈകുന്നേരമുണ്ട്. അന്നത്തെ മീഡിയ വൺ റിപ്പോർട്ടർ ഫൈസലിനൊപ്പം ഷഹാനിയയിലെ ആടുവളർത്തൽ കേന്ദ്രങ്ങളിലേക്ക് (മസ്‌റ) നടത്തിയ ആ യാത്ര. മരുഭൂമിയുടെ ഏകാന്തതയിൽ 'ആടുജീവിതം' നയിക്കുന്ന പച്ചമനുഷ്യർക്കൊപ്പം ചെലവഴിച്ച നോമ്പുതുറയുടെ നിമിഷങ്ങൾ ഇന്നും ഉള്ളിൽ ഒരു കുളിരായി നിൽക്കുന്നു. ആധുനികതയുടെ ആർഭാടങ്ങളില്ലാത്ത, മരുഭൂമിയുടെ കഠിനമായ ചൂടിനോടും മണലിനോടും പൊരുതി ജീവിക്കുന്ന ഒരുകൂട്ടം പ്രവാസികൾ. അവരുടെ ലളിതമായ ജീവിതത്തിനിടയിൽ ഞങ്ങൾക്കായി കരുതിവെച്ച സ്നേഹം ഏതൊരു പഞ്ചനക്ഷത്ര വിരുന്നിനേക്കാളും വലുതായിരുന്നു.

മണൽപ്പരപ്പിൽ ഈന്തപ്പനയോലകൾ വിരിച്ച്, ചുട്ടുപൊള്ളുന്ന പകലിനൊടുവിൽ ഈന്തപഴവും വെള്ളവും ഒട്ടകപാലും മജ്ബൂസുമായി നോമ്പുതുറക്കാൻ ഇരുന്നപ്പോൾ, ആ മസ്‌റയിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും അവരുടെ മുഖത്ത് വിരിഞ്ഞ ആത്മസംതൃപ്തിയും വിരുന്നുകാരെ സ്വീകരിക്കാൻ കാണിച്ച ആവേശവും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് നൽകിയ പാഠങ്ങൾ ചെറുതല്ല.

റമദാൻ എന്നത് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാസമാണ്. എന്നാൽ, കുറച്ചു വർഷങ്ങൾക്കിടയിൽ ലോകം കണ്ട രണ്ട് നോമ്പുകാലങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആരാധനക്കൊപ്പം അതിജീവനത്തിന്റെ വലിയ പാഠങ്ങളായിരുന്നു. ഒന്ന്, ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയുടെ കാലം; രണ്ട്, മിഡിൽ ഈസ്റ്റിൽ നിന്നുയരുന്ന യുദ്ധത്തിന്റെ തീക്ഷ്ണമായ നിലവിളികൾക്കിടയിലുള്ള ഈ കാലം.

നാല് വർഷം മുൻപ് ലോകം ഒരു അദൃശ്യ ശത്രുവിന് മുന്നിൽ പകച്ചുനിന്നപ്പോൾ പള്ളികളിൽ ബാങ്ക് വിളി ഉയർന്നെങ്കിലും വാതിലുകൾ അടഞ്ഞുതന്നെ കിടന്നു. ചരിത്രത്തിലാദ്യമായി പള്ളികളിൽ തറാവിഹ് നമസ്കാരങ്ങളും ഇഫ്താർ സംഗമങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഇന്ന് മിഡിൽ ഈസ്റ്റിലെ നോമ്പ് കാലം കോവിഡിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിലും തെരുവോരങ്ങളിലും നിന്ന് വിശ്വാസികൾ നെഞ്ചുപൊട്ടി പ്രാർഥിക്കുന്നു. ഈ യുദ്ധകാലം നമ്മെ പഠിപ്പിക്കുന്നത് കരുണയും സമാധാനത്തിന്റെ വിലയുമാണ്. ഈ റമദാൻ കേവലം ഉപവാസമല്ല, മറിച്ച് ലോകത്തിന്റെ സമാധാനത്തിനായി കൈകോർക്കേണ്ട ഒരു വലിയ സന്ദേശവും നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsramadanNombuQatar News
News Summary - ramadan
Next Story