മഴയും കാറ്റും മിസൈദ് ബീച്ചിലെ കളികളെയും കച്ചവടത്തെയും ബാധിച്ചു
text_fieldsദോഹ: ഇടവിട്ടുവരുന്ന മഴയും ശക്തമായ കാറ്റും അസ്ഥിരമാക്കിയ കാലാവസ്ഥ കച്ചവടക്കാരെയും യാത്രക്കാരെയുമെല്ലാം ബാധിച്ചതായി വിലയിരുത്തല്‍. കാലാവസ്ഥ മോശമായതോടെ മിസൈദ് ബീച്ചിലും പരിസരങ്ങളിലുമായി നടന്നിരുന്ന യാത്രകളും രസകരമായ കളികളും വിനോദങ്ങളുമെല്ലാം മുടങ്ങിയിരിക്കുകയാണ്.
മിസൈദില്‍ ശൈത്യകാലത്ത് നിരവധി ആളുകളാണ് കായികവിനോദങ്ങള്‍ക്കായി എത്തിച്ചേരാറുള്ളത്. എന്നാല്‍ കാറ്റും മഴയുമുള്ള കാലാവസ്ഥ സന്ദര്‍ശകരെയും സഞ്ചാരികളെയും ഇതില്‍ നിന്നും അകറ്റിനിര്‍ത്തുകയാണ്. ചെളിയും പാതകളിലെ വഴുതലും കാരണം കളികള്‍ക്കും യാത്രകള്‍ക്കുമൊന്നും ഇപ്പോള്‍ ഈ പ്രദേശം അനുയോജ്യമല്ലാതായി.
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണയായി കൂടുതല്‍ കച്ചവടം നടക്കാറുണ്ടായിരുന്നതെന്ന് മരുഭൂമിയില്‍ ഓടിക്കാവുന്ന ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലെ തൊഴിലാളിയായ മുഹമ്മദ് ഇബ്രാഹീം പറയുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടുമാസങ്ങളിലായി വരുമാനത്തില്‍ 50 ശതമാനത്തോളം ഇടിവാണ് വന്നത്. മോശം കാലാവസ്ഥ മൂലം ഫെബ്രുവരിയിലെ മൂന്ന് വാരങ്ങളും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കുടുംബങ്ങള്‍ ശൈത്യകാലത്ത് ഒത്തുകൂടാനായി പ്രാദേശിക മുന്‍സിപ്പാലിറ്റിയില്‍ നിന്നും ഇവിടങ്ങളില്‍ സ്ഥലമെടുക്കാറുണ്ട്. എന്നാല്‍ ഈ ശൈത്യകാലത്തെ കാറ്റും മഴയും ഇത്തരം പദ്ധതികളെല്ലാം തകര്‍ത്തുവെന്ന് ഒരു ഖത്തരി കുടുംബാഗം സാക്ഷ്യപ്പെടുത്തുന്നു. മരുഭൂമിയിലൂടെ സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ ഓപറേറ്റര്‍മാര്‍, സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ യാത്രകള്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആഴ്ചയില്‍ 25 ട്രിപ്പുകളുണ്ടായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് പത്തായി ചുരുങ്ങിയിരിക്കുന്നുവെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മെസെയ്ദില താപനില ഫെബ്രുവരിയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
