മഴ തുടരും
text_fieldsദോഹ: നാളെ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും രാത്രിയിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന്, മൂടൽമഞ്ഞും മിതമായ താപനിലയും മേഘാവൃതമായ കാലാവസ്ഥയും രൂപപ്പെടും. വടക്ക് -പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 3-13 നോട്ടിക്കൽ മൈൽ വേഗതയിലും, ശനിയാഴ്ച വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ 3-12 നോട്ടിക്കൽ മൈൽ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, മഴയുള്ള നേരങ്ങളിൽ 26 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ പ്രതിദിന മുന്നറിയിപ്പിൽ വിശദമാക്കുന്നു. വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. അൽ വക്റ, എസ്ദാൻ, ദുഖാൻ, തുമാമ, അൽ സദ്ദ്, തുടങ്ങിയ ഭാഗങ്ങളിൽ മഴയും ലഭിച്ചു.
നനഞ്ഞ കൈകൊണ്ട് സ്വിച്ച് ഇടല്ലേ...
ദോഹ: മഴക്കാലത്ത് വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജല -വൈദ്യുത വിഭാഗമായ കഹ്റമായുടെ നിർദേശം. മഴക്കാലത്ത് വൈദ്യുതി അപകടങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കഴിയുന്നത്രയും വീടിനുള്ളിൽ തന്നെ തുടരാനും തുറന്ന സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കാനും കഹ്റമാ ആളുകളെ ഉപദേശിച്ചു. വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ വൈദ്യുത ഉപകരണങ്ങൾ ഉടൻതന്നെ പ്ലഗ് ഓഫ് ചെയ്യണമെന്നും അവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും ഓർമിപ്പിച്ചു.
നിർദേശങ്ങൾ
- -നനഞ്ഞ കൈകളോടെ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം.
- -വെള്ളത്തിൽ വീണ വൈദ്യുത ഉപകരണങ്ങൾ എടുക്കരുത്, ഉടനടി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഇലക്ട്രിക്കൽ പാനൽ ബോക്സുകൾക്കും ലൈറ്റുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം.
- -പെട്ടെന്ന് വൈദ്യുതി മുടങ്ങിയാൽ ഇലക്ട്രിക് ഉപകരണങ്ങൾ വിച്ഛേദിക്കുക.
- -ഉയരമുള്ളതും ഒറ്റപ്പെട്ടതുമായ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കണം.
- -വൈദ്യുത തൂണുകളിൽ തൊടരുത്, നനഞ്ഞ സ്ഥലങ്ങളിൽ ഇലക്ട്രിക്കൽ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- -വെള്ളം, വൈദ്യുതി കണക്ഷനുകളുടെ അറ്റകുറ്റപ്പണികൾ പതിവായി നടത്തുക.
- -അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ എമർജൻസി ലൈറ്റുകൾ സജ്ജമാക്കിവെക്കുക.
- -അടിയന്തര സാഹചര്യങ്ങളിൽ, കഹ്റമായിടെ കോൾ സെന്ററുമായി 991 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

