ഖത്തറിൽ നാളെ മുതൽ മഴക്ക് സാധ്യത
text_fieldsദോഹ: രാജ്യത്ത് ജനുവരി രണ്ടുമുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച മുതൽ ഇടക്കിടെ മഴക്കു സാധ്യതയുണ്ടെന്നും ഈയാഴ്ച അവസാനം വരെ അത് നീണ്ടുനിൽക്കാമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറുനിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇടിയോടു കൂടിയ മഴയിൽ കാറ്റ് ശക്തമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പുനൽകി.
ജനുവരിയിലെ ശരാശരി താപനില 14-17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തെക്കൻ മേഖലകളിൽ ഇതിലും കുറയാൻ ഇടയുണ്ട്. 20-24 ഡിഗ്രിക്കിടയിലാണ് കൂടിയ താപനില ഇത്തവണ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അൽ കറാന മേഖലയിൽ 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ദോഹയിൽ 18 ഡിഗ്രിയും.
കഴിഞ്ഞയാഴ്ച ഖത്തറിന്റെ പല ഭാഗങ്ങളിലും ശരാശരി മഴ ലഭിച്ചിരുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 15.1 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അന്ന് രാജ്യത്ത് ലഭിച്ച ഉയർന്ന മഴയായിരുന്നു അത്. മഴസാധ്യതയുടെ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ജോയന്റ് റെയിൻഫാൾ എമർജൻസി കമ്മിറ്റി ഒരുക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഹൈവേകളിലും തെരുവുകളിലും റെസിഡൻഷ്യൽ ഏരിയകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര പരിഹാരം തേടി മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പറായ 184ൽ വിളിക്കാം. പബ്ലിക് വർക്സ് അതോറിറ്റിയുടെ കോൺടാക്ട് സെന്റർ നമ്പറായ 188ലും വിളിക്കാവുന്നതാണ്.
ഡിസംബറിൽ തുടങ്ങുന്ന ശൈത്യകാലത്തിൽ ജനുവരിയാകുമ്പോഴേക്ക് തണുപ്പ് കനക്കുന്നതാണ് ഖത്തറിലെ രീതി. ജനുവരിയിലെ ആദ്യപകുതിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. 1964ൽ താപനില 3.8 ഡിഗ്രി സെൽഷ്യസിലെത്തിയതാണ് ഖത്തറിൽ ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 2015ൽ 32.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ളതിൽ ജനുവരി മാസത്തിലെ ഏറ്റവും ഉയർന്ന താപനില. ഔദ്യോഗിക സംവിധാനങ്ങളിൽനിന്നുള്ള കാലാവസ്ഥ അറിയിപ്പുകളെ മാത്രം ആശ്രയിക്കാനും ഊഹാപോഹങ്ങളെയും അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നുള്ള അപ്ഡേറ്റുകളെയും അവഗണിക്കാനും ഖത്തർ കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

