ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ
text_fieldsലുസൈലിലെ കതാറ ടവേഴ്സ് മേഘാവൃതമായ അന്തരീക്ഷത്തിൽ
വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ആൽ റയ്യാൻ, വക്റ, അൽ സദ്ദ്, തുമാമ, മുംതസ, ഓൾഡ് എയർപോർട്ട് തുടങ്ങി വിവിധ ഇടങ്ങളിൽ ഭാഗികമായി മഴ ലഭിച്ചിട്ടുണ്ട്
ദോഹ: തലസ്ഥാനമായ ദോഹ ഉൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം പുലർച്ചെ മഴ ലഭിച്ചു. വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ആൽ റയ്യാൻ, വക്റ, അൽ സദ്ദ്, തുമാമ, മുംതസ, ഓൾഡ് എയർപോർട്ട് തുടങ്ങി വിവിധ ഇടങ്ങളിൽ ഭാഗികമായി മഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി തണുത്ത കാലാവസ്ഥയും ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു. രാജ്യത്തിന്റെ വടക്കു -കിഴക്ക് ദിശയിൽനിന്ന് നേരിയ തോതിൽ കാറ്റു വീശുകയും മഴയുടെ സമയത്ത് അവ ശക്തി പ്രാപിക്കുകയും ചെയ്തതായി കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, അടുത്ത വെള്ളിയാഴ്ച വരെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ന്യൂനമർദത്തിന്റെ ഫലമായി, ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറയാൻ കാരണമായേക്കാം. ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വിശദീകരിച്ചു. താമസക്കാർ ജാഗ്രത പാലിക്കണമെന്നും എല്ലാ കടൽ യാത്രകളും ഒഴിവാക്കണമെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിസങ്ങളായി അന്തരീക്ഷം മേഘാവൃതമായി അനുഭവപ്പെട്ടിരുന്നു. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് കുടുതൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ശഹാനിയ (15), അൽ ഖോർ (15), ഖത്തർ യൂനിവേഴ്സിറ്റി (16) എന്നിങ്ങനെയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
അടുത്ത വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രതിദിന റിപ്പോർട്ടിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

