സൗദിയുമായുള്ള റെയിൽവേ ലിങ്ക് കരാർ; കരടുരൂപത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ
അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
ദോഹ: സൗദി അറേബ്യയുമായുള്ള റെയിൽവേ ലിങ്ക് കരാറിന്റെ കരടുരൂപത്തിന് ഖത്തർ മന്ത്രിസഭ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്.
2022ൽ ഖത്തർ സന്ദർശനത്തിനെത്തിയ അന്നത്തെ സൗദി ഗതാഗത, ലോജിസ്റ്റിക്സ് സർവിസ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ ജാസിറും ഖത്തർ ഗതാഗത മന്ത്രിയായിരുന്ന ജാസിം സൈഫ് അഹ്മദ് അൽ സുലൈതിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ ഗതാഗത സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
അയൽക്കാരും സുഹൃദ് രാഷ്ട്രവുമെന്ന നിലയിൽ അനുയോജ്യമായ റെയിൽ ഗതാഗത പദ്ധതി സംബന്ധിച്ച പഠനത്തിന് തുടക്കം കുറിക്കാൻ ധാരണയായിരുന്നു.
കൂടിക്കാഴ്ചയിൽ ഖത്തറും സൗദിയും തമ്മിലെ റോഡ്, വ്യോമ, തുറമുഖ, റെയിൽ ഗതാഗത സംവിധാനങ്ങൾ സംബന്ധിച്ച കൂടുതൽ സഹകരണങ്ങളും ചർച്ചചെയ്യുകയുണ്ടായി. തുടർന്ന്, സൗദിയുമായുള്ള റെയിൽവേ ലിങ്ക് കരാർ കരടുരൂപത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. യോഗത്തിനുശേഷം, നീതിന്യായ കാബിനറ്റ് കാര്യ സഹമന്ത്രി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസ്സൻ അൽ മുഹന്നദി തീരുമാനങ്ങൾ പ്രസ്താവനയിൽ വിശദീകരിച്ചു. കൂടാതെ, മന്ത്രിസഭ അജണ്ടയിലെ വിഷയങ്ങൾ പരിഗണിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഇളവ് പരിധികൾ ഭേദഗതി ചെയ്തുകൊണ്ട് ധനമന്ത്രിയുടെ കരട് പ്രമേയം അംഗീകരിക്കുകയും ചെയ്തു. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുക, അതുവഴി മത്സരശേഷി വർധിപ്പിക്കുക, അപകടസാധ്യതകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇളവു പരിധി ഭേദഗതി ചെയ്യുന്നത്. ഡൊമിനിക്കൻ സർക്കാറുമായുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള കരാർ അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
വേൾഡ് സ്കിൽസ് ഏഷ്യ ഓർഗനൈസേഷനിലെ ഖത്തറിന്റെ അംഗത്വം അംഗീകരിച്ചു. ഖത്തറും കുവൈത്തുമായുള്ള വികസന ആസൂത്രണ രംഗത്തെ സഹകരണത്തിനുള്ള കരട് ധാരണപത്രത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

