റേഡിയോ മലയാളം 98.6 എഫ്.എം 'ഫോർ മൈ ലവ്'; ദീർഘകാല പ്രവാസികളുടെ ഇണകൾക്കും മാതാക്കൾക്കും സ്വീകരണം
text_fieldsഖത്തറിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ ഇണകൾക്കും മാതാക്കൾക്കും റേഡിയോ
മലയാളം സംഘടിപ്പിച്ച 'ഫോർ മൈ ലവ്' പരിപാടിയിൽ സ്വീകരണം നൽകിയപ്പോൾ
ദോഹ: ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ 15 ഭാര്യമാർക്കും മാതാക്കൾക്കും സ്വീകരണമൊരുക്കി ഖത്തറിലെ ഇന്ത്യൻ സമൂഹം. ക്യു.എഫ്.എം റേഡിയോ മലയാളം 98.6 എഫ്.എം സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിടെ ഭാഗമായാണ് സന്ദർശനം ഒരുക്കിയത്. പരിപാടിയിൽ 25 വർഷത്തിലധികമായി ഖത്തറിൽ സേവനം അനുഷ്ഠിച്ചിട്ടും സ്വന്തം ഭാര്യയെയോ മാതാവിനെയോ ഒരിക്കൽ പോലും ഖത്തറിലേക്ക് കൊണ്ടുവരാൻ കഴിയാതിരുന്ന പ്രവാസികൾക്കാണ് “ഫോർ മൈ ലവ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വപ്നസാക്ഷാത്കാരം പൂർത്തീകരിച്ചത്. ഫെബ്രുവരി 10ന് ഹോളിഡേ ഇൻ ദോഹയിൽ നടന്ന സ്വീകരണ ചടങ്ങിൽ 30 വർഷത്തിലധികമായി ഖത്തറിൽ സേവനം അനുഷ്ഠിക്കുന്ന പ്രവാസികളുടെ ജീവിതപങ്കാളികളായ 15 വനിതകളെ ആദരിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്യു.എഫ്.എം റേഡിയോ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ പ്രമുഖ നേതാക്കളും വിവിധ അപെക്സ് സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നോർക്ക ഡയറക്ടർ സി.വി. റപ്പായി, ഐ.ബി.പി.സി പ്രസിഡന്റ് ത്വാഹ അബ്ദുൽ കരീം, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസഫ്, ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജ്, കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ ഷാഫി തുടങ്ങിയവർ സംസാരിച്ചു.
സന്ദർശനത്തിനെത്തിയ ഭാര്യമാർക്കും മാതാക്കൾക്കും പ്രത്യേക സ്മരണികകളും സമ്മാനങ്ങളും നൽകി. ദമ്പതികളും അമ്മമാരും തങ്ങളുടെ ജീവിതാനുഭവങ്ങൾ സദസ്സുമായി പങ്കുവച്ചു. പരിപാടിക്ക് സാംസ്കാരിക മികവ് പകർന്നുകൊണ്ട് പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്റ്റ് കരീം ഗ്രാഫി സ്ത്രീത്വത്തെ ആസ്പദമാക്കി 'ലൈവ് ആർട്ടിസ്റ്റിക് ട്രിബ്യൂട്ട്' അവതരിപ്പിച്ചു. അലൻ, ശ്രീകാന്ത്, പ്രതാപ്, മോജിൻ എന്നിവർ സംഗീതാവിഷ്കാരം നടത്തി. റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ സ്വാഗതവും ഡി.ജി.എം നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
റേഡിയോ ശ്രോതാക്കൾ സമർപ്പിക്കുന്ന നാമനിർദേശങ്ങളിൽ നിന്നാണ് ഫോർ മൈ ലവ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വെല്ലുവിളികളേറിയ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പതിറ്റാണ്ടുകളോളം പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് ജീവിക്കേണ്ടിവന്ന നിരവധി പ്രവാസികൾ സ്വന്തം സൗകര്യങ്ങളും കുടുംബജീവിതവും ത്യജിച്ചാണ് നാട്ടിലെ കുടുംബങ്ങളെ പിന്തുണച്ചത്. സന്ദർശനകാലയളവിൽ അതിഥികൾ വിവിധ സാംസ്കാരിക പരിപാടികളിലും പ്രവാസി സംഗമങ്ങളിലും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

