റേഡിയേഷൻ സുരക്ഷ പരിശീലനം; അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെ കൂടിയാലോചന യോഗം നടത്തി
text_fieldsറേഡിയേഷൻ സുരക്ഷ പരിശീലനവുമായി ബന്ധപ്പെട്ട് നടന്ന അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെ കൂടിയാലോചന യോഗത്തിൽനിന്ന്
ദോഹ: പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ റേഡിയേഷൻ പ്രൊട്ടക്ഷൻ വിഭാഗം ഖത്തറിലെ റേഡിയോളജിക്കൽ മേഖലയിലെ അംഗീകൃത പരിശീലന കേന്ദ്രങ്ങളുമായി രണ്ടാം കൂടിയാലോചന യോഗം സംഘടിപ്പിച്ചു.അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായി മികച്ച റേഡിയേഷൻ സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
അംഗീകൃത കേന്ദ്രങ്ങളിലെ പരിശീലനം വികസിപ്പിക്കുന്നതിനെക്കുറിച്ചും, ഇത്തരം പരിശീലനങ്ങളിൽ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചും ലൈസൻസിങ് നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു.റേഡിയേഷൻ അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ യോഗത്തിൽ പങ്കെടുത്തവർ വിശകലനം ചെയ്തു.
കൂടാതെ, അംഗീകൃത പരിശീലന കേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. പരിശീലന സ്ഥാപനങ്ങൾക്കിടയിൽ മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിന്റെ പ്രാധാന്യവും റേഡിയേഷൻ സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിന് പരിശീലനാർഥികളുടെ യോഗ്യതയും സന്നദ്ധതയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം എടുത്തുപറഞ്ഞു.മേഖലയിലെ തൊഴിലാളികൾക്കും പരിശീലനാർഥികൾക്കും ഇടയിൽ റേഡിയേഷൻ സുരക്ഷ അവബോധം വളർത്തുന്നതിനായുള്ള ബോധവത്കരണ പരിപാടികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

