റേഡിയേഷൻ അളവ് സാധാരണ നിലയിൽ
text_fieldsദോഹ: ഖത്തറിലെ റേഡിയേഷൻ അളവ് സുരക്ഷിതമാണെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. രാജ്യത്തെ റേഡിയേഷൻ സാഹചര്യം സുസ്ഥിരമാണെന്നും യാതൊരുവിധ റേഡിയേഷൻ അപകടങ്ങളും നിലവിലില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. റേഡിയേഷൻ മുൻകൂട്ടി അറിയുന്നതിനായി അത്യാധുനിക ദേശീയ നിരീക്ഷ സംവിധാനം പ്രവർത്തിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന, രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന വിപുലമായ റേഡിയേഷൻ നിരീക്ഷണ -മുൻകൂർ മുന്നറിയിപ്പ് സംവിധാനമാണിത്. വായു, കര, കടൽ എന്നീ പരിസ്ഥിതികളിലെ റേഡിയേഷൻ അളവ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. റേഡിയേഷൻ നിരീക്ഷണ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനായി ആധുനിക സെൻട്രൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. എല്ലാ മോണിറ്ററിങ് സ്റ്റേഷനുകളുമായും ഈ യൂണിറ്റ് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയേഷന്റെ അളവ് നിരന്തരം നിരീക്ഷിക്കുകയും കൃത്യസമയത്ത് മുന്നറിയിപ്പുകൾ നൽകുകയും ചെയ്യും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളാൽ സജ്ജമാണ്. രാജ്യത്തെ റേഡിയേഷൻ വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും ഈ കേന്ദ്രീകൃത സംവിധാനം സഹായിക്കും. ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്യുകയും ആവശ്യമെങ്കിൽ മാത്രം അലർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്യും. എല്ലാ മോണിറ്ററിങ് സ്റ്റേഷനുകളിൽ നിന്നുമുള്ള പ്രതിദിന കണക്കുകൾ പ്രകാരം നിലവിൽ റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

