കതാറ ഖുർആൻ ഹിഫ്ള് മത്സരത്തിന് തുടക്കം
text_fieldsദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സരത്തിന്റെ (ഹിഫ്ള്) 11ാം പതിപ്പിന് തുടക്കം. 20 ആൺകുട്ടികളും 15 പെൺകുട്ടികളുമടക്കം 10നും 15നും ഇടയിൽ പ്രായമുള്ള 35 കുട്ടികളാണ് ഈ വർഷത്തെ ഖുർആൻ മനഃപാഠ മത്സരത്തിൽ പങ്കെടുക്കുന്നത്. കതാറ പള്ളിയിൽ ഞായർ മുതൽ വ്യാഴം വരെ എല്ലാദിവസവും അസ്ർ നമസ്കാരശേഷം ഒരു മണിക്കൂറാണ് ഹിഫ്ള് മത്സരം. ഏപ്രിൽ 21ന് സമാപനം.
മത്സരാർഥികൾക്കും വിജയികൾക്കും ഉപഹാരവും സാക്ഷ്യപത്രവും വിപുലമായ സമാപനച്ചടങ്ങിൽ സമ്മാനിക്കും. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പരിചയ സമ്പന്നരായ ഖുർആൻ ഹാഫിളുകളുടെ മേൽനോട്ടത്തിൽ ഖുർആനിൽനിന്നുള്ള അധ്യായങ്ങളും ഭാഗങ്ങളും പഠിപ്പിക്കുകയും മനഃപാഠമാക്കുകയും മത്സരത്തിന്റെ ഭാഗമാണ്. കതാറ പള്ളിയിലും ഗോൾഡൻ മോസ്കിലുമായി ഖുർആനിക് സെഷനുകളുടെ ഭാഗമായി വൈവിധ്യമാർന്ന മതപഠന ക്ലാസുകൾ റമദാനിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. അറിയപ്പെടുന്ന പണ്ഡിതന്മാരും മതപ്രബോധകരുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പരിപാടികൾ, പ്രവാചകന്റെ ഹദീഥിനെ ആസ്പദമാക്കിയുള്ള ലെക്ചറുകൾ, കുട്ടികൾക്കായുള്ള നമസ്കാരത്തിന്റെ പാഠങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് ശേഷമാണ് പരിപാടികൾ. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയവുമായി സഹകരിച്ച് എല്ലാവർഷവും റമദാൻ മാസത്തിൽ കതാറ ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

