ഖുംറ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു
text_fieldsദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി(ഡി എഫ് ഐ)െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഖുംറ ചലച്ചിത്രമേളക്ക് സൂഖ് വാഖിഫിലും ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലുമായി സമാരംഭം കുറിച്ചു. മാർച്ച് 14 വരെ ആറ് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ 150ലധികം രാജ്യാന്തര ചലച്ചിത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നായി 34 ചലച്ചിത്ര പദ്ധതികളാണ് ഖുംറയിൽ അവതരിപ്പിക്കുന്നത്. ഖത്തറിലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവും മികവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുള്ള സുവർണാവസരമാണ് ഖുംറ.
ചലച്ചിത്ര നിർമ്മാണത്തിെൻറ വിവിധ മേഖലകളെ കുറിച്ചുള്ള ചർച്ചകളിലും വിശകലനങ്ങളിലും പങ്കെടുക്കാൻ സാധിക്കുന്നതോടൊപ്പം യുവ സിനിമാ പ്രവർത്തകർക്ക് രാജ്യാന്തര തലത്തിലെ വിഖ്യാത സംവിധായകരുമായും നിർമ്മാതാക്കളുമായും നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന ചലച്ചിത്രപ്രതിഭകളെ കൂടുതൽ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്തമാണ് ഖുംറ ചലച്ചിത്രമേളക്കുള്ളതെന്ന് ഡി എഫ് ഐ സി.ഇ.ഒ ഫത്മ അൽ റുമൈഹി പറഞ്ഞു. കേവലം വിനോദത്തിനുള്ള മാധ്യമമെന്നതിലുപരി ജനങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുന്നതിനും സിനിമ മുഖ്യ പങ്ക് വഹിക്കുന്നുവെന്നും സിനിമയിലെ പുതിയ ശബ്ദങ്ങൾ കൂടുതൽ പിന്തുണ ആവശ്യപ്പെടുന്നുണ്ടെന്നും അവിടെയാണ് ഖുംറ വ്യത്യസ്തമാകുന്നതെന്നും അൽ റുമൈഹി വിശദീകരിച്ചു.
ഓസ്കാർ അവാർഡ് ജേതാവായ ടിൽഡ സ്വിൻറൻ, ഓസ്കർ ജേതാവായ ബ്രിട്ടീഷ് കോസ്റ്റ്യൂം ഡിസൈനർ സാൻഡി പവൽ, അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ബെന്നറ്റ് മില്ലർ, വെനീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ നേടിയ റഷ്യൻ സംവിധായകൻ തിരക്കഥാകൃത്തുമായ ആൻേഡ്ര സിയാജിൻറ്സേവ്, കാൻ പാം ഡി ഓർ ജേതാവ് അപിചാറ്റ്പോങ് വീരാസെതകുൽ, ബെർലിൻ ഗോൾഡൻ ബിയർ നേടിയ ഏക ഡോക്യുമെൻററി സംവിധായകൻ ഇറ്റലിയിൽ നിന്നുള്ള ഗ്വിയാൻഫ്രാങ്കോ റോസി എന്നീ ആറ് പേരാണ് ഈ വർഷത്തെ ഖുംറ മാസ്റ്റേഴ്സ്. ഗ്വിയാൻഫ്രാങ്കോ റോസിയുടെ ഫയർ അറ്റ് സീയുടെ പ്രദർശനത്തോടെയാണ് ഖുംറ ഫെസ്റ്റിവലിന് തുടക്കമായത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഓക്ജയുടെ പ്രദർശനവും വ്യാഴാഴ്ച നടന്നു.
വെള്ളിയാഴ്ച ടിൽഡ സ്വിൻറണിെൻറ ആദ്യ മാസ്റ്റർക്ലാസ് അരങ്ങേറി. ടൊറോേൻറാ രാജ്യാന്തര ഫെസ്റ്റിവലിലെ ആർട്ടിസ്റ്റിക് ഡയറക്ടർ കാമറൺ ബെയ്ലിയായിരുന്നു മോഡറേറ്റർ. മ്യൂസിയം ഓഡിറ്റോറിയത്തിൽ ഗ്വിയാൻഫ്രാങ്കോ റോസിയുടെ മാസ്റ്റർ ക്ലാസ് ഇന്നലെ അരങ്ങേറി. നാല് ഖത്തരി സംവിധായകരുടേതുൾപ്പെടെ ആറ് ഷോർട്ട് ഫിലിമുകളും ഖുംറയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഖത്തർ ഹോം വിഭാഗത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ആയിശ അൽ ജെയ്ദയുടെ ആയിരത്തൊന്ന് പകലുകൾ, മാജിദ് അൽ റുമൈഹിയുടെ ഡൊമെസ്റ്റിക് അക്കൂസ്റ്റിക്സ്, ഹദീർ ഒമർ, ഇദ്രിസ് അൽഹസൻ എന്നിവരുടെ ചാവോസ് ആൻറിഡോട്ട്, ഖലീഫ അൽ മർരിയുടെ എംബോഡിമെൻറ് എന്നിവയാണ് പൂർണമായും ഖത്തറിൽ നിന്നുള്ളവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.