ക്വിഖ് പുസ്തകമേള 26 മുതൽ
text_fieldsദോഹ: ഖത്തറിലെ പ്രവാസി വനിത സംഘടനയായ കേരള വുമണ്‍സ് ഇനീഷ്യേറ്റിവ് ഖത്തറിന്റെ (ക്വിഖ്) അഞ്ചാമത് പുസ്തകമേള മാർച്ച് 26, 27, 28 തീയതികളിലായി അബുഹമൂറിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലെ അശോക ഹാളില്‍ നടക്കും.
ഐ.സി.സിയുടെ സഹകരണത്തില്‍ നടത്തുന്ന പുസ്തകമേളയില്‍ ഖത്തറിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ നാലു മുതല്‍ 12ാം ഗ്രേഡ് വരെയുള്ള പുസ്തകങ്ങളാണ് ലഭ്യമാവുക. മേള സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായിതന്നെ ആവശ്യമായ പുസ്തകങ്ങള്‍ എടുക്കാം. പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഴയ ക്ലാസുകളിലെ പുസ്തകങ്ങള്‍ മേളയിലേക്ക് സംഭാവന ചെയ്യാം. സ്കൂളും ഗ്രേഡും തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്ന മേളയില്‍ ക്വിഖ് വളന്റിയര്‍മാരുടെ സേവനവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. പാഠപുസ്തകങ്ങള്‍ക്ക് പുറമെ നോവലുകള്‍, കഥാപുസ്തകങ്ങള്‍, റഫറന്‍സ് ബുക്കുകള്‍, എന്‍ട്രന്‍സ് പരീക്ഷ സഹായികള്‍ എന്നിവയും ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് 24, 25 തീയതികളില്‍ വൈകീട്ട് ആറു മുതല്‍ രാത്രി എട്ടുവരെ ഐ.സി.സിയിലെത്തി മേളയിലേക്കുള്ള പുസ്തകങ്ങള്‍ സംഭാവന ചെയ്യാം.
26ന് ഉച്ചക്ക് 12 മുതല്‍ രാത്രി ഒമ്പതു വരെയും 27, 28 തീയതികളിൽ വൈകീട്ട് നാലു മുതല്‍ രാത്രി ഒമ്പതു വരെയുമാണ് മേള.
പുസ്തകമേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 5537 3525, 7701 2808 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശനം.
ഇഹ്തെറാസില്‍ ഹെല്‍ത്ത് പ്രൊഫൈല്‍ പച്ചയെങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.