ഉത്സവാഘോഷമായി 'ക്വിഖ്' വാർഷികം
text_fieldsക്വിഖിന്റെ സ്‌നേഹോപഹാരമായി ചിത്രകാരനും ഗായകനുമായ ഫൈസല്‍ കുപ്പായി വരച്ച
പോര്‍ട്രെയ്റ്റ് ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ സറീന അഹദും ചലച്ചിത്രതാരം
ഹരിപ്രശാന്ത് വര്‍മയും ചേര്‍ന്ന് നല്കുന്നു
ദോഹ: ഖത്തറിലെ പ്രവാസി വനിതാസംഘടനയായ കേരള വിമൻസ് ഇനീഷ്യേറ്റിവ് ഖത്തറിന്റെ (ക്വിഖ്) അഞ്ചാം വാര്‍ഷികം 'ക്വിഖ് ഉത്സവ്' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ അശോക ഹാളില്‍ നടന്ന ആഘോഷത്തില്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ മുഖ്യാതിഥിയായി. ചലച്ചിത്രതാരം ഹരിപ്രശാന്ത് വര്‍മ, റേഡിയോ സുനോ ആർ.ജെ നിസ എന്നിവര്‍ അതിഥികളായെത്തി. ക്വിഖ് പ്രസിഡന്റ് സറീന അഹദ് അധ്യക്ഷത വഹിച്ചു. ക്വിഖിന്റെ സ്‌നേഹോപഹാരമായി ചിത്രകാരനും ഗായകനുമായ ഫൈസല്‍ കുപ്പായി വരച്ച പോര്‍ട്രെയ്റ്റ് ഐ.സി.സി പ്രസിഡന്റിന് ക്വിഖ് പ്രസിഡന്റും ഹരിപ്രശാന്ത് വര്‍മയും ചേര്‍ന്നുനല്‍കി. ഹരിപ്രശാന്തിനുള്ള ഉപഹാരം ആര്‍.ജെ നിസയും ക്വിഖ് പ്രസിഡന്റും ചേര്‍ന്ന് സമ്മാനിച്ചു.
ഒപ്പന, ഫാഷന്‍ ഷോ, ഡാന്‍സ് തുടങ്ങി തൊണ്ണൂറോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് മൂന്നര മണിക്കൂര്‍ നീണ്ട വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായരും ക്വിഖ് പ്രസിഡന്റും ചേര്‍ന്ന് വിതരണം ചെയ്തു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫാഷന്‍ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂം, ഹെന്ന ഡിസൈനിങ് എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും സജീവമായിരുന്നു. മഞ്ജു മനോജ് അവതാരകയായി. അഹദ് മുബാറക്, ജംബുനാഥന്‍ ആനന്ദ് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു. കലാപരിപാടികള്‍ക്ക് കള്‍ചറല്‍ സെക്രട്ടറിമാരായ ശീതള്‍ പ്രശാന്ത്, തന്‍സി ഇജാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഐ.സി.സി മുന്‍ പ്രസിഡന്റുമാരായ എ.പി. മണികണ്ഠന്‍, മിലന്‍ അരുണ്‍, ഐ.സി.സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, കമല താക്കൂര്‍, ഐ.എസ്.സി മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ.വി. ബോബന്‍, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം സാബിത്, റേഡിയോ മലയാളം മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍, നസീം മെഡിക്കല്‍ സെന്റര്‍ അല്‍വക്ര മാനേജര്‍ റിയാസ് ഖാന്‍, ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, മുസ്തഫ എലത്തൂര്‍, ആഷിഖ് മാഹി, അവിനാശ് ഗെയ്ക്കവാദ്, സുമ മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

