പ്രവാസികളുടെ ക്വാറൻറീൻ : കേന്ദ്ര തീരുമാനം കേരളത്തിലും നടപ്പാക്കണം –ഇൻകാസ്
text_fieldsദോഹ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുളള പ്രവാസികൾക്ക് നാട്ടിൽ ക്വാറൻറീൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം കേരളസർക്കാറും നടപ്പാക്കാത്തതിൽ ഇൻകാസ് ഖത്തർ പ്രതിഷേധിച്ചു. പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ചട്ടം കേരളത്തിലും നടപ്പാക്കണം. ഇതു നടപ്പാക്കാൻ വിസമ്മതിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികൾ എത്തുന്നത് തടയുകയാണ് ഈ നീക്കത്തിനു പിന്നിലെന്നും ഇൻകാസ് ആരോപിച്ചു. മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് റിസൽറ്റുമായി വരുന്ന പ്രവാസികൾക്ക് ക്വാറൻറീൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിെൻറ തീരുമാനം.
നവംബർ അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്. എന്നാൽ, ഏഴ് ദിവസത്തെ നിർബന്ധിത ക്വാറൻറീൻ തുടരുമെന്നാണ് കേരളം പറയുന്നത്. അടിയന്തരാവശ്യത്തിന് നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഈ നീക്കം പ്രയാസം സൃഷ്ടിക്കും. കേന്ദ്ര തീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് ഇൻകാസ് ഖത്തർ പ്രസിഡൻറ് സമീർ ഏറാമല ആവശ്യപ്പെട്ടു. ഈ ചട്ടം നടപ്പാക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

